കയ്‌റോ: സംഘര്‍ഷ ഭൂമിയായ കെയ്‌റോ നഗരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. ഇരു വിഭാഗവും തമ്മില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. ഇന്നലെ ഇരുവിഭാഗങ്ങളും തമ്മില്‍ കെയ്‌റോയിലെ തഹ്‌റീര്‍ സ്‌ക്വയറില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്.

മുബാറക് രാജിവെച്ചശേഷമേ പിരിഞ്ഞുപോകൂ എന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍ തഹ്‌റീര്‍ സ്‌ക്വയറില്‍ തമ്പടിച്ചിരിക്കുന്നത്. മരിച്ചവരുടെ വിവരം നല്‍കാന്‍ മരിച്ചവരുടെ വിവരങ്ങള്‍ നല്‍കാന്‍ ഈജിപ്തിലെ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

സപ്തംബറില്‍ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുബാരക് പ്രഖ്യാപിക്കുകയും ഉടന്‍ രാജിവേണമെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചു നില്‍ക്കുകയും പ്രകടനങ്ങളുപേക്ഷിച്ച് തിരിച്ചുപോകാന്‍ സൈന്യം ഉത്തരവിറക്കുകയും ചെയ്തതിനു പിന്നാലെയാണ് തലസ്ഥാനനഗരിയില്‍ ഇരുപക്ഷവും തമ്മില്‍ കല്ലേറും ഏറ്റുമുട്ടലും തുടങ്ങിയത്. വെള്ളിയാഴ്ചയ്ക്കകം മുബാരക് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് കയ്‌റോയിലെ താഹിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ സമരക്കാര്‍ക്കു നേരേ ബുധനാഴ്ച വൈകിട്ടാണ് വലിയ വടികളേന്തി കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമെത്തിയ മുബാരക് അനുകൂലികള്‍ ആക്രമണമാരംഭിച്ചത്.