ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. സ്‌പെക്ട്രം അനുവദിക്കുക വഴി എങ്ങിനെയാണ് ഖജനാവിന് നഷ്ടമുണ്ടായത് എന്നത് വിശദീകരിക്കാനായിരുന്നു സി.എ.ജി ഹാജരായത്.

1998മുതല്‍ 2009വരെ നടന്ന സ്‌പെക്ട്രം വിതരണത്തെക്കുറിച്ചും വിലനിശ്ചയിച്ചതിലെ മാനദണ്ഡങ്ങളെക്കുറിച്ചും വിനോദ് റായി വിശദീകരിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുകവഴി ഖജനാവിന് 1.76 ലക്ഷംകോടി രൂപയുടെ നഷ്ടമുണ്ടായി എന്നായിരുന്നു സി.എ.ജി കണ്ടെത്തിയത്.

തുടര്‍ന്ന് നടന്ന വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ മുന്‍ടെലികോം മന്ത്രി എ.രാജയടക്കമുള്ള പ്രമുഖര്‍ ജയിലഴിക്കുള്ളിലായിരുന്നു. എന്നാല്‍ സ്‌പെക്ട്രം വില്‍പ്പനവഴി 30,984 കോടിയുടെ നഷ്ടമാണുണ്ടായതെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

ദിവസങ്ങള്‍നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്വേഷണത്തിനായി സംയുക്ത പാര്‍ലമെന്ററി സമിതിയെ കേന്ദ്രം നിയോഗിക്കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോയാണ് സമിതിയുടെ അധ്യക്ഷന്‍