ന്യൂദല്‍ഹി: കല്‍ക്കരി ഖനികളില്‍നിന്ന് റിലയന്‍സിന് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അവിഹിത നേട്ടമുണ്ടാക്കുന്നതിന് കേന്ദ്ര ഊര്‍ജമന്ത്രാലയം കൂട്ടുനിന്നുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ഊര്‍ജ മേഖലയെക്കുറിച്ച് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സി.എ.ജി പറയുന്നത്. റിലയന്‍സ് പവര്‍ ലിമിറ്റഡും വൈദ്യുതി മന്ത്രാലയവുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം അടുത്ത കാല്‍ നൂറ്റാണ്ടു കൊണ്ട് കമ്പനിക്ക് ഉണ്ടാകാന്‍ പോകുന്ന അവിഹിത നേട്ടത്തിന്റെ ഏകദേശ കണക്ക് ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ്.

മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും റിലയന്‍സിന് വന്‍കിട ഊര്‍ജ പദ്ധതികള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ സ്വകാര്യ പദ്ധതികള്‍ക്ക് കല്‍ക്കരി വിട്ടുകൊടുക്കുന്നതിന് ചട്ടങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചതായി സി.എ.ജി കണ്ടെത്തി. പദ്ധതിക്ക് ആവശ്യമായതിനേക്കാള്‍ കല്‍ക്കരി ഖനനം ചെയ്യാനും അത് മറ്റ് പദ്ധതികള്‍ക്കായി നല്‍കാനും അനുമതി നല്‍കിയത് രാജ്യത്തിന് നഷ്ടവും കമ്പനിക്ക് കനത്ത ലാഭവും ഉണ്ടാക്കുന്നു എന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.

ഊര്‍ജ മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് സി.എ.ജി. വിശദീകരണം തേടിയിട്ടുണ്ട്. സി.എ.ജി.യുടെ കരട് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി നല്‍കുമെന്നും കേന്ദ്ര ഊര്‍ജ സെക്രട്ടറി പി. ഉമാശങ്കര്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ മറുപടി കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.

റിലയന്‍സുമായുള്ള ഇടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് മന്ത്രിതല സമിതി വിഷയം പരിശോധിച്ചതാണ്. എന്നാല്‍, വൈദ്യുതോല്‍പാദനം കൂട്ടാന്‍ കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കണമെന്ന കാര്യത്തില്‍ അവര്‍ യോജിപ്പിലെത്തുകയാണ് ഉണ്ടായത്. സ്വകാര്യ കമ്പനിക്ക് ഖനനം അനുവദിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പരമാവധി കല്‍ക്കരി കുഴിച്ചെടുക്കുന്നതിനും അനുവദിക്കുകയായിരുന്നു.

2009ലാണ് റിലയന്‍സ് വന്‍കിട വൈദ്യുത പദ്ധതി നിലയങ്ങള്‍ക്ക് അനുമതി സമ്പാദിച്ചത്. സര്‍ക്കാര്‍ തീരുമാനം റിലയന്‍സിന്റെ നാലു നിലയങ്ങള്‍ക്ക് പ്രയോജനപ്പെടും. ഭാവിയില്‍ വന്‍കിട വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ തയാറായി വരുന്നവര്‍ക്കും ഇതേ രീതിയില്‍ കല്‍ക്കരി ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്നിരിക്കേ കേന്ദ്ര സര്‍ക്കാറിന്റെ നടപടി അവിഹിതമായിരിക്കുകയാണ്.