ന്യൂദല്‍ഹി: മാനേജ്‌മെന്റിന്റെ പിടിപ്പുകേട് മൂലം എയര്‍ ഇന്ത്യയ്ക്ക് 700 കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സി.എ.ജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. വിമാനങ്ങള്‍ വാങ്ങിയതിലൂടെയും വാടകയ്ക്ക് നല്‍കിയതുവഴിയും ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നഷ്ടത്തിന് പ്രധാനഉത്തരവാദികള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയമാണ്. ഇതാണ് എയര്‍ഇന്ത്യ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പ്രധാനകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എയര്‍ബസുമായി കോണ്‍ട്രാക്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതിലൂടെ 200 കോടിയുടെ നഷ്ടം സംഭവിച്ചു. ഇതിനുവേണ്ടി എയര്‍ ഇന്ത്യ 200 കോടിയുടെ ലോണ്‍ എടുത്തിട്ടുണ്ട്. ഇതിന്റെ പലിശയിനത്തിലും കമ്പനിക്ക് കുറേ രൂപ നഷ്ടമായി. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ കരാറുണ്ടാക്കാന്‍ കഴിയൂ എന്നായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ അഭിപ്രായം.

കൂടിയ പലിശ നിരക്കിലുള്ള ലോണ്‍ എടുത്തതുവഴി 2010 മാര്‍ച്ച് വരെ .314 കോടി രൂപ കമ്പനിക്ക് ഇതുവരെ നഷ്ടമായിട്ടുണ്ട്. ഇത് 2500 കോടിയുടെ നഷ്ടമുണ്ടാക്കാന്‍ വരെ സാധ്യതയുണ്ടെന്നും സി.എ.ജി മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘവീക്ഷണമില്ലാതെ തീരുമാനങ്ങളെടുക്കുന്നതാണ് എയര്‍ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു.