ന്യൂദല്‍ഹി: പത്മ പുരസ്‌കാര നിര്‍ണയം ഓഡിറ്റ് ചെയ്യാനുള്ള കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ശ്രമം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ആഭ്യന്തരമന്ത്രി പി.ചിദംബരം നേരിട്ട് ഇടപെട്ടാണ് സി.എ.ജിയുടെ ആവശ്യം തള്ളിയത്. ദേശീയ പുരസ്‌കാരങ്ങള്‍ വിവാദമാക്കുന്നത് ശരിയല്ലെന്നാണ് ആഭ്യന്തരമന്ത്രാലയം ഇതിന് നല്‍കിയ വിശദീകരണം.

പുരസ്‌കാരം സംബന്ധിച്ച രേഖകള്‍ ലഭ്യമാക്കണമെന്നായിരുന്നു സി.എ.ജിയുടെ ആവശ്യം. ചെലവുകളുടെ കണക്കുകള്‍ മാത്രമേ സി.എ.ജി നല്‍കേണ്ടതുള്ളൂ എന്ന അറ്റോര്‍ണി ജനറല്‍ ഗുലാം.ഇ.വഹന്‍വതിയുടെ ഉപദേശവും സി.എ.ജിയുടെ ആവശ്യംതള്ളാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചു.

ഏപ്രില്‍ 19നാണ് സി.എ.ജി ഡയറക്ടര്‍ ജനറല്‍ പുരസ്‌കാരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോട് ആദ്യം ആവശ്യപ്പെട്ടത്. പത്മ പുരസ്‌കാരം നിര്‍ണയിക്കുന്ന പ്രക്രിയ പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് കാണിച്ച് രേഖ ആവശ്യപ്പെട്ട് വീണ്ടും സി.എ.ജി ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയപ്പോഴാണ് ആഭ്യന്തരമന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയിത്.

പുരസ്‌കാരം നല്‍കുന്നതിനുള്ള നിയമവും ചട്ടവും, ആറുവര്‍ഷമായി സമിതിയില്‍ അംഗമായവരുടെ പേര്, അവാര്‍ഡ് സമിതിയോഗത്തിന്റെ മിനുട്‌സ്, അവാര്‍ഡ് പ്രഖ്യാപനത്തിനുമുമ്പ് ജേതാക്കളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ വിവരം, അവാര്‍ഡിന് തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുന്നതിനായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ചേര്‍ന്ന യോഗങ്ങളുടെ മിനുട്ട്‌സ്, മൂന്നുവര്‍ഷത്തിനിടക്ക് ലഭിച്ച ശുപാര്‍ശക്കത്തുകള്‍, മൂന്നുവര്‍ഷത്തിനിടക്ക് അവാര്‍ഡിനെക്കുറിച്ച് ലഭിച്ച പരാതികളുടെ പകര്‍പ്പ് തുടങ്ങിയവയാണ് സി.എ.ജി ചോദിച്ചത്.

പത്മ അവാര്‍ഡ് നിര്‍ണ്ണയങ്ങള്‍ വന്‍ ആക്ഷേപങ്ങളുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഓഡിറ്റിങ് നടത്താന്‍ സി.എ.ജി ഒരുങ്ങിയത്.