ന്യൂദല്‍ഹി:  ലോക്പാല്‍ ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും. ബില്ലിന്റെ കരട് ചര്‍ച്ച ചെയ്യാന്‍ ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്രമന്ത്രിസഭ യോഗം ചേരും. തിങ്കളാഴ്ച ചേര്‍ന്ന മുതിര്‍ന്നമന്ത്രിമാരുടെ യോഗത്തില്‍ ബില്‍ സംബന്ധിച്ച് സമവായമായില്ല. അതേസമയം ലോക്പാല്‍ ബില്‍ പാസാക്കാനായി പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നീട്ടും.

പ്രധാനമന്ത്രിയുടേയും പ്രണബ്മുഖര്‍ജിയുടേയും അംഗീകരത്തോടെയാണ് ഈ ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്. ഉപാധികളോടെ പ്രധാനമന്ത്രിയേയും താഴെത്തട്ടിലെ ഉദ്യോഗസ്ഥരേയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരും. അതേസമയം സിബിഐയുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു.

Subscribe Us:

വ്യാഴാഴ്ച ക്രിസ്തുമസ് അവധിക്കായി സഭപിരിഞ്ഞാല്‍ ഡിസംബര്‍ 27മുതല്‍ 29വരെ വീണ്ടും സഭചേരാനാണ് ഇപ്പോഴത്തെ ആലോചന. മന്ത്രിസഭയുടെ അംഗീകാരം ഇന്ന് ലഭിച്ചാല്‍ ബുധനാഴ്ചയോ, വ്യാഴാഴ്ചയോ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും.

ബില്‍ ബുധനാഴ്ച അവതരിപ്പിച്ചാല്‍ ചര്‍ച്ചയ്ക്കുശേഷം അത് ലോക്‌സഭ പാസാക്കാന്‍ സാധ്യത കുറവാണ്. അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശങ്ങളും മറ്റും നല്‍കാനും അവസരം നല്‍കേണ്ടതുണ്ട്.

ലോക്പാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരായ പി. ചിദംബരം, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, എന്നീ മന്ത്രിമാരാണ് തിങ്കളാഴ്ച യോഗം ചേര്‍ന്നത്. തുടര്‍ന്ന് ഓരോരുത്തരും ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ടു. പ്രണബ് മുഖര്‍ജി പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും സന്ദര്‍ശിച്ചു. മന്ത്രിസഭായോഗത്തിന് മുമ്പ് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഐക്യമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു തിങ്കളാഴ്ചത്തെ യോഗം.

സിബിഐയുടെ അന്വേഷണവിഭാഗത്തെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്. പ്രധാനമന്ത്രിയെ ചില ഉപാധികളോടെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യം പ്രധാനപ്രതിപക്ഷമായ ബി.ജെ.പിയും അംഗീകരിച്ചിട്ടുണ്ട്.

Malayalam news

Kerala news in English