ന്യുദല്‍ഹി: വേദാന്ത റിസോര്‍സസ്-കെയിന്‍ എനര്‍ജി ഏറ്റെടുക്കല്‍ കരാറിന് മന്ത്രിതല സമിതിയുടെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി കരാറിന് പച്ചക്കൊടി കാണിച്ചുവെന്നാണ് സൂചന.

നേരത്തേ കരാറുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കാന്‍ ക്യാബിനറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന മന്ത്രിതല സമിതിയാണ് അന്തിമതീരുമാനം കൈക്കൊള്ളാന്‍ ക്യാബിനറ്റിനെ ചുമതലപ്പെടുത്തിയത്.

വിഷയം ചര്‍ച്ച ചെയ്ത മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മറ്റിയെ ധരിപ്പിക്കുമെന്ന് ജയപാല്‍ റെഡ്ഡി പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മന്ത്രിതല സമിതി ചര്‍ച്ച ചെയ്തതായും റെഡ്ഡി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് കെയിന്‍ ഇന്ത്യയിലെ ഭൂരിപക്ഷം ഓഹരിയും വാങ്ങാന്‍ അന്തിമധാരണയിലെത്തിയത്. 9.6 ബില്യണ്‍ ഡോളറിന്റേതായിരുന്നു കരാര്‍. എന്നാല്‍ രാജസ്ഥാനിലെ കെയിന്‍ ഇന്ത്യയുടെ എണ്ണപ്പാടങ്ങളില്‍ 30 ശതമാനം ഓഹരിയുള്ള ഒ.എന്‍.ജി.സി കരാറിനെതിരേ രംഗത്തെത്തുകയായിരുന്നു.