ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തി. 263കോടി രൂപയുടെ സ്വത്തുള്ള നഗരവികസന മന്ത്രി കമല്‍നാഥ് ആണ് മന്ത്രിസഭയിലെ ഏറ്റവും സമ്പന്നന്‍. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയാണ് മന്ത്രിമാരില്‍ ഏറ്റവും കുറഞ്ഞ സമ്പാദ്യമുള്ളയാള്‍. ആന്റണിയുടെ വ്യക്തിഗത ആസ്തി 1.80 ലക്ഷം രൂപയാണ്. ഭാര്യ എലിസബത്തിന്റെ പേരില്‍ 30 ലക്ഷം രൂപയുടെ സ്വത്തുണ്ട്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അഞ്ചു കോടിയുടെ സമ്പാദ്യമുണ്ട്. പ്രധാനമന്ത്രിക്ക് 3.2 കോടിയുടെ ബാങ്ക് നിക്ഷേപവും 1.8 കോടിയുടെ വസ്തുവകകളും ആണുള്ളത്.

ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് 11 കോടിയുടേയും ഭാര്യ നളിനി ചിദംബരത്തിന് 12.8 കോടിയുടെയും സാമ്പാദ്യമുണ്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് 1.8 കോടിയുടെ ആസ്തിയാണുള്ളത്. ഇതില്‍ 62 ലക്ഷം രൂപ വില വരുന്ന ഒരു വസ്തുവും 1.2 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപമുണ്ട്.

കൃഷി മന്ത്രി ശരദ് പവാറിന് 12 കോടിയുടെയും ദയാനിധി മാരന് 2.94 കോടിയുടേയും ആസ്തിയുണ്ട്. പ്രഫുല്‍ പട്ടേലിന്റെ ആസ്തി 98 കോടി രൂപയാണ്.

മന്ത്രി കൃഷ്ണയുടെ സ്വത്തില്‍ 2.34 ലക്ഷം രൂപയുടെ സ്ഥാവരജംഗമ സ്വത്തും 4.81 രൂപയുടെ ജംഗമ സ്വത്തുമാണുള്ളത്. 12 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും അദ്ദേഹത്തിനുണ്ട്.