ന്യൂദല്‍ഹി : അഴിമതി ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ വീരഭദ്ര  സിങ്‌ രാജിവെച്ചു. പ്രധാനമന്ത്രി മന്‍മോഹന് രാജിക്കത്ത് കൈമാറി

കേന്ദ്രമന്ത്രിസഭയില്‍ ചെറുകിട ഇടത്തരം വകുപ്പാണ് വീരഭദ്ര  സിങ്‌ കൈകാര്യം ചെയ്തിരുന്നത്.

1989 ല്‍ വീരഭദ്ര സിങ്‌ ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൊഹീന്ദര്‍ ലാല്‍ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനുമായും ചില വ്യവസായികളുമായും സിങ് നടത്തിയ സംഭാഷണമടങ്ങിയ സിഡി പുറത്തായതോടെയാണ് സംഭവം വിവാദമാകുന്നത്. ടാപ്പിലെ ശബ്ദം സിങ്ങിന്റേതു തന്നെയാണെന്നു പരിശോധനയില്‍ വ്യക്തമായതായി ഹിമാചല്‍ മുഖ്യമന്ത്രി പ്രേം ചന്ദ് ധുമല്‍ പറഞ്ഞു.

23 വര്‍ഷം പഴക്കമുള്ള കേസില്‍ സിങ്ങിനും ഭാര്യയ്ക്കുമെതിരെ അഴിമതി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.

വീരഭദ്ര സിങ്‌ ഉടന്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കണമെന്നും ബി.ജെ.പി. കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ രക്തത്തിനായി ദാഹിക്കുന്ന ഹിമാചലിലെ ബി.ജെ.പി സര്‍ക്കാറാണ് ഇതിന് പിന്നിലെന്നുമാണ്  സിങ്ങിന്റെ വാദം.