തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ 1919 താല്‍ക്കാലിക  ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.  മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 125 കോടിയുടെ കേന്ദ്ര സഹായവും കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച സഹായവും കേന്ദ്രത്തോട് ആവശ്യപ്പെടും. പിഎസ്‌സി നിയമനങ്ങളില്‍ അതാത് ജില്ലകളിലുള്ളവര്‍ക്ക് അഞ്ച് മാര്‍ക്ക് വെയിറ്റേജ് മാര്‍ക്കായി നല്‍കുന്നതിനായി പി.എസ്.എസി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം പി.എസ്.സിക്ക് വിടും. വിഴിഞ്ഞം പദ്ധതിക്കായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 1490 കോടി രൂപ കടമെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും.

വിയ്യൂരില്‍ വിനിതാ ജയില്‍ തുടങ്ങും. തിരുവനന്തപുരത്ത് റജിസ്‌ട്രേഡ് ഓഫീസോടെ ഊര്‍ജ വകുപ്പിന് കീഴില്‍ സെന്റര്‍ഫോര്‍ കപ്പാസിറ്റി ബില്‍ഡിങ് ഇന്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി എന്ന സൊസൈറ്റി റജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചു.

പൊന്നാനി തുറമുഖ വികസനത്തിനായി ലേല അവലോകന സമിതി ശുപാര്‍ശചെയ്തു. കേന്ദ്ര ഗ്രാമ ന്യായാലയ ആക്ടില്‍ പറയുന്നതുപോലെ സംസ്ഥാനത്ത 30 ബ്ലോക്കുകളില്‍ ഗ്രാമന്യായാലയങ്ങള്‍ തുടങ്ങാന്‍ തീരുമാനമായി. കരിക്കകത്ത് സ്‌കൂള്‍ വാന്‍അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം സഹായം നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.