തിരുവനന്തപുരം: എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വീടാന്‍ തീരുമാനം. കേരള സര്‍വകലാശാലയില്‍ നിയമനത്തില്‍ ക്രമക്കേടുനടന്നതായുള്ള കോടതി വിധികളെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ഊര്‍ജ വിതരണ നവീകരണ പരിപാടിയായ ആര്‍.എ.പി.ഡി.ആര്‍.പി സ്‌കീമിന്റെ ഭാഗമായ പദ്ധതി നടപ്പിലാക്കുന്നതിന് കേരളസംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയ ടെണ്ടര്‍ റദ്ദാക്കും. കൊറിയന്‍ കമ്പനിയുമായുള്ള കരാറാണ് റദ്ദാക്കുന്നത്. പദ്ധതി റീടെണ്ടര്‍ ചെയ്യാന്‍ തീരുമാനമായി.

കൂടാതെ 2009ലെ കാസര്‍കോട് വെടിവെയ്പ്പ് സംബന്ധിച്ച അന്വേഷണം നടത്താനായി സര്‍വീസില്‍ നിന്നുവിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങളുടെ പരിശീലകര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി നല്‍കും. തൃശൂര്‍ ജില്ലയിലെ അരീക്കോട് വില്ലേജില്‍ പൊതു ആവശ്യത്തിനായി സംവരണം ചെയ്തിട്ടുള്ള 12ഏക്കര്‍ മിച്ചഭൂമി സുനാമി ബാധിതര്‍ക്കും സുനാമി ദുരിത ബാധിത പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയവര്‍ക്കുമായി വിതരണം ചെയ്യാനും തീരുമാനമായി.