തിരുവനന്തപുരം: 13 ാം നിയമസഭയിലുള്ള 140 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയുടെ ആദ്യ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സത്യപ്രതിജ്ഞ.

ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. കൊട്ടാരക്കര എം.എല്‍.എ ഐഷാ പോറ്റി ദൃഢ പ്രതിജ്ഞയാണ് ചെയ്തത്. ഇവര്‍ കഴിഞ്ഞ തവണ ദൈവനാനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തെറ്റുതിരുത്തല്‍ രേഖയിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തൃത്താലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം ദൃഢപ്രതിജ്ഞയാണ് ചെയ്തത്.

പ്രോടൈം സ്പീക്കര്‍ എന്‍. ശക്തന്‍ മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ചില അംഗങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. നിയമസഭാ ഗാലറിയിലിരുന്നാണ് ഇവര്‍ സത്യപ്രതിജ്ഞ വീക്ഷിച്ചത്.