തിരുവനന്തപുരം: ഓച്ചിറയില്‍ ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിനിടിച്ച് മരിച്ച അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്കു മൂന്നുലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

കഴിഞ്ഞ ദിവസമാണ് കൊല്ലം ഓച്ചിറയില്‍ കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസില്‍ മാവേലി എക്‌സ്പ്രസ് ടെമ്പോയിലിടിച്ച് അഞ്ചു പേര്‍ മരണപ്പെട്ടത്. ലെവല്‍ക്രോസില്‍ കാവല്‍ക്കാരില്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന മാവേലി എക്‌സ്പ്രസ് ടെമ്പോയിലിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന ആറുപേരില്‍ അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

ലെവല്‍ക്രോസുകളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഈ മാസം 31 നകം കാവല്‍ക്കാരെ നിയമിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.