തിരുവനന്തപുരം: തോമസ് ചാണ്ടി രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് കാബിനറ്റ് ബഹിഷ്‌ക്കരിച്ച സി.പി.ഐക്ക് എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. തോമസ് ചാണ്ടി രാജിവെക്കുമെന്നത് മുന്‍കൂട്ടി അറിയിച്ചിട്ടും കാബിനറ്റില്‍ പങ്ക് എടുക്കാത്തത് മുന്നണിയെ ക്ഷീണത്തിലാക്കിയെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയെരി ബാലകൃഷ്ണനുമായിരുന്നു വിമര്‍ശനമുന്നയിച്ചത്. സി.പി.ഐയുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

സി.പി.ഐ.എമ്മിന്റെ വിമര്‍ശനം മറ്റ് ഘടകക്ഷികള്‍ അംഗീകരിച്ചു. അതേ സമയം യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇടയാക്കിയ കാരണങ്ങള്‍ സി.പി.ഐ യോഗത്തില്‍ വിശദീകരിച്ചു.

മുന്‍ ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശത്തിനു പിന്നാലെ നടന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സി.പി.ഐമന്ത്രിമാര്‍ വിട്ടു നിന്നിരുന്നു. മന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന്
മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷറഫ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു.