ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള മജീതിയ വേജ്‌ബോര്‍ഡ് ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

പത്രപ്രവര്‍ത്തകരുടെയും പത്ര സ്ഥാപനങ്ങളിലെ മറ്റു ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം മൂന്നിരട്ടിവരെ വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നാണു വേജ് ബോര്‍ഡ് ശുപാര്‍ശ. ഇപ്പോഴത്തെ അടിസ്ഥാന ശമ്പളത്തിനൊപ്പം ക്ഷാമ ബത്ത പൂര്‍ണമായി ലയിപ്പിച്ചും 30% ഇടക്കാലാശ്വാസം ചേര്‍ത്തുമാണ് പുതിയ അടിസ്ഥാന ശമ്പളം നിര്‍ണയിക്കേണ്ടതെന്നും അതിന്റെ 35%വരെ ‘വേരിയബിള്‍ പേ നല്‍കണമെന്നും ജസ്റ്റിസ് ജി.ആര്‍. മജീതിയ അധ്യക്ഷനായ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe Us:

ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു പൊതുവില്‍ 2008 ജനുവരി എട്ടു മുതലുള്ള പ്രാബല്യവും, വേരിയബിള്‍ പേ ഘടകത്തിന് കഴിഞ്ഞ ജൂലൈ ഒന്നു മുതലുള്ള പ്രാബല്യവുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ ചോദ്യം ചെയ്ത് ഏതാനും മാധ്യമസ്ഥാപന ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.