ന്യൂദല്‍ഹി: ലോക്പാല്‍ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി, സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരെ ബില്ലിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ടാണ് അനുമതി നല്‍കിയിരിക്കുന്നത്. അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

ചെയര്‍മാന്‍ അടക്കം ഒമ്പതംഗ ലോക്പാല്‍ സമിതിയായിരിക്കും നിലവില്‍ വരിക. ചെയര്‍മാനും നാലു അംഗങ്ങളും ജുഡീഷ്യറിയില്‍നിന്നുള്ളവരായിരിക്കും. പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നവരെ പിന്നീട് ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുക.

Subscribe Us:

പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പൗരസമൂഹപ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളിലെ അഴിമതി അന്വേഷണം അപ്രാപ്യമാകുമെന്നായിരുന്നു പൗരസമൂഹപ്രതിനിധികളുടെ വാദം. മറ്റു മന്ത്രിമാര്‍ കൈക്കൂലി പ്രധാനമന്ത്രിക്ക് നല്‍കാന്‍ നിര്‍ദേശിക്കുമെന്നും ബില്ലിന്റെ പരിധിയില്‍ വരാത്തതിനാല്‍ പ്രധാനമന്ത്രി രക്ഷപ്പെടുമെന്നുമായിരുന്നു പ്രതിനിധികള്‍ വാദിച്ചത്.