നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി സി. ഉദയഭാസ്‌കര്‍ മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മറ്റിയുടെതാണ് തീരുമാനം. ബി.കെ ശേഖര്‍- തിരുവനന്തപുരം സെന്‍ട്രല്‍, കെ.എന്‍ രാധാകൃഷ്ണന്‍- കൈപ്പമംഗലം, ജയലക്ഷ്മി ഭട്ട്- കാസര്‍ഗോഡ് എന്നിവരുടെ സ്ഥാനാര്‍ഥിത്വവും ഇന്ന് ചേര്‍ന്ന യോഗം അംഗീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ വ്യവസായിയാണ് സി. ഉദയഭാസ്‌കര്‍. ബി.ജെ.പി ദേശീയ നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് പാര്‍ട്ടി ജില്ലാ,സംസ്ഥാന ഘടകങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായിട്ടും ഉദയഭാസ്‌കറിനെ സ്ഥാനാര്‍ഥിയാക്കുന്നതിലേക്ക് നയിച്ചത്. ബി.ജെ.പി പ്രസിഡന്റ് നിഥിന്‍ ഗഡ്കരിയുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹം. ഗഡ്കരിയുടെ നിര്‍ദേശപ്രകാരമാണ് സ്ഥാനാര്‍ഥിത്വവും.

ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത ഒരാള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നതിനെതിരെ ബി.ജെ.പി-ആര്‍.എസ്.എസ് ഘടകങ്ങളില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഈ എതിര്‍പ്പ്് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ സാരി വിതരണത്തിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായി. എന്നാല്‍ ഇതൊന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പരിഗണിക്കപ്പെട്ടില്ല.

തന്റെ സ്ഥാനാര്‍ഥിത്വം ഉ­റ­പ്പാക്കി­യ ശേ­ഷ­മാണ് ഭാസ്‌കര്‍ എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് വഴി പൊതുജനങ്ങള്‍ക്ക് സാരി വിതരണം നടത്തിയത്. കൊടുന്തിരപ്പുള്ളിയിലും കണ്ണാടിക്കലുമാണ് ഉദയഭാസ്‌കര്‍ സൗജന്യ സാരി വിതരണം ചെയ്തത്. പാലക്കാട് കണ്ണാടിയില്‍ സാരി വിതരണം നടത്താനുള്ള നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പരിപാടി.

പരിപാടി നടക്കുന്ന ഹാളിലേക്ക് മുദ്രാവാക്യവുമായി സി.പി.ഐ.എം പ്രവര്‍ത്തകരെത്തിയതോട് കിട്ടിയ സാരിയുമായി സ്ത്രീകള്‍ ഓടി. എഴുനൂറ്റമ്പതോളം കൂപ്പണുകള്‍ പരിസരപ്രദേശങ്ങളില്‍ വിതരണം ചെയ്തായിരുന്നു പരിപാടി.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും പണമോ പാരിതോഷികങ്ങളോ നല്‍കുന്നതും ചട്ടലംഘനമാണെന്നു ജില്ലാ കലക്ടര്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗത്തില്‍ വിശദീകരിച്ചതിനു തൊട്ടടുത്ത ദിവസമാണ് ഉദയഭാസ്‌കറുടെ സാന്നിധ്യത്തില്‍ സാരി വിതരണം നടത്തിയത്.