എഡിറ്റര്‍
എഡിറ്റര്‍
എ.എ.പി, തെരഞ്ഞെടുപ്പ്, ജനകീയ സമരങ്ങള്‍
എഡിറ്റര്‍
Thursday 16th January 2014 5:41pm

ഇതുവഴി തിരഞ്ഞെടുപ്പുകള്‍ കേവലം ഒരു വിനോദം മാത്രമാകുന്നു, ആരു ജയിച്ചാലും തോറ്റാലും തങ്ങളെ അതു ബാധിക്കാത്ത അവസ്ഥ. ഇതിനെ മറികടന്ന് ജനങ്ങളില്‍ ലക്ഷ്യബോധം സൃഷ്ടിക്കാനും ഇവര്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക എന്ന തോന്നല്‍ ഉണ്ടാക്കാനും കഴിഞ്ഞതാണ് എ.എ.പിയുടെ വിജയം. കുറഞ്ഞ കാലത്തിനിടക്കുന്നതന്നെ കേരളത്തില്‍ നടക്കുന്ന നിരവധി ജനകീയ സമരങ്ങളില്‍ പങ്കെടുക്കാനും അവയെ പിന്തുണയ്ക്കാനും എ.എ.പി തയ്യാറായിയെന്ന വസ്തുത ശ്രദ്ധേയമാണ്.


aap

line

എസ്സേയ്‌സ് /സി.ആര്‍ നീലകണ്ഠന്‍

line

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, നിരവധി വിഷയങ്ങളിലായി ഒട്ടനവധി ജനകീയ സമരങ്ങള്‍ നടന്നുകൊണ്ടിക്കുന്നു. ഇത്തരം സമരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നില്‍ ചില അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കാനാണ് ഈ കുറിപ്പ് വഴി ശ്രമിക്കുന്നത്.

പ്രകൃതിക്കും മനുഷ്യനും നിയമങ്ങള്‍ക്കും വിരുദ്ധമായി അനിയന്ത്രിതമായ രീതിയില്‍ നടക്കുന്ന പ്രകൃതി വിഭവക്കൊള്ളയും കയ്യേറ്റങ്ങളും വികസനമെന്ന പേരില്‍ നടക്കുന്ന കുടിയൊഴിക്കലുകളും മലിനീകരണങ്ങളും മറ്റും കൊണ്ട് പൊറുതി മുട്ടിയവരാണ് ഇത്തരം സമരങ്ങൡ ഏര്‍പ്പെട്ടിരിക്കുന്നത്.

ഇതില്‍ പങ്കെടുക്കുന്ന വലിയൊരു വിഭാഗവും മുമ്പ് ഒരു തരം സാമൂഹ്യപ്രവര്‍ത്തനങ്ങൡും ഏര്‍പ്പെടാത്തവരുമായിരിക്കും ഇവരില്‍ നല്ലൊരു പങ്കും കക്ഷി രാഷ്ട്രീയത്തില്‍ സ്വന്തം നിലപാടുകള്‍ സ്വരൂപിച്ചവരുമായിരിക്കും. എന്നാല്‍ നാട്ടിലൊട്ടുക്ക് നേരിടുന്ന ഒരു പ്രശ്‌നത്തെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒന്നിച്ചുനിന്ന് എതിര്‍ക്കുന്നവരായിക്കും ഇവര്‍. അങ്ങനെ രൂപപ്പെടുന്നതാണിവരുടെ സമരസംഘടനകള്‍.

ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ നയപരമായ തീരുമാനങ്ങളെടുത്തു നടപ്പിലാക്കുന്നത് രാഷ്ട്രീയ കക്ഷികളുടെ സര്‍ക്കാരുകളാണ്. എന്നാല്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭരണത്തിലെത്തിയവര്‍ക്കെല്ലാം ജനകീയ സമരങ്ങളോട് ഏതാണ്ടതേ നിലപാടാണുള്ളത് എന്ന സത്യം ഇന്ന് ഒട്ടുമിക്ക സംഘടനകളും തിരിച്ചറിയുന്നുണ്ട്.

അത് ജനങ്ങള്‍ക്കെതിരായ നിലപാടുകളെയാണ് സമരങ്ങളില്‍ ഉന്നയിക്കപ്പെടുന്ന പ്രാധാന വിഷയങ്ങളെ അവര്‍ അവഗണിക്കുകയാണ്. പാറ, മണല്‍, മണ്ണ്, കളിമണ്ണ്, ധാതുക്കള്‍, ജലം, മുതലായവയുടെ ചൂഷണമായാലും

നഗരമാലിന്യങ്ങള്‍, ആശുപത്രി മുതല്‍ ആരാധനാലയം വരെയുള്ളവയുടെ മാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ മുതലായവ കൊണ്ടുണ്ടാക്കപ്പെടുന്ന മലിനീകരണമായാലും വന്‍തോതില്‍ അഴിമതി നടത്തുന്നതും കുടിയൊഴിക്കല്‍ നടത്തുന്നതുമായ അതിവേഗ റെയില്‍പ്പാത, ദേശീയ പാതയുടെ സ്വകാര്യവല്‍ക്കരണം (ബി.ഒ.ടി) തുടങ്ങിയ പദ്ധതികളായാലും ജലത്തിന്റേയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ സ്വകാര്യവല്‍ക്കരണമായാലും ആറന്മുളയും കൂടംകുളവും പോലുള്ള വിനാശപദ്ധതികളായാലും മുഖ്യധാരാ കക്ഷികള്‍ പരസ്പര സഹായസംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.

arvind-kejrivalഎങ്കിലും കക്ഷി- മുന്നണി താത്പര്യങ്ങളെ അവഗണിച്ചുകൊണ്ടും വിലക്കുകളെ വെല്ലുവിളിച്ചുകൊണ്ടും ചില വിഷയങ്ങളിലെങ്കിലും മുഖ്യധാരാ കക്ഷികളിലെ ചില നേതാക്കളും ചില ചെറുകക്ഷികള്‍ തന്നെയും സമരങ്ങളെ സഹായിക്കാനെത്തുന്നുണ്ടെന്നതിനാല്‍ പല സമരസംഘടനകള്‍ക്കും ഇവരോട് താത്പര്യമുണ്ട്.

സമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളും അവസ്ഥയും പൊതു സമൂഹത്തിലും മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയകക്ഷികളിലും കൊണ്ടുവരുന്നതില്‍ ഇവരുടെ ഇടപെടലുകള്‍ സഹായകമാണുതാനും.

ആറന്മുള, ഹൈസ്പീഡ് കോറിഡോര്‍, നെല്ലിയാമ്പതി, ഗാഡ്ഗില്‍ തുടങ്ങിയ പല വിഷയങ്ങൡലും നമുക്കിത് മനസിലാകുന്നുമുണ്ട്. മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളിലും കക്ഷി മുന്നണി ബന്ധങ്ങള്‍ക്കപ്പുറം ഇത്തരം സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ സമരസംഘടനകള്‍ തയ്യാറായിട്ടുമുണ്ട്.

‘ ഒറ്റപ്പെട്ട’ സ്ഥാനാര്‍ത്ഥികളെ പരസ്യമായി പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ചെറിയ വിഭാഗങ്ങളുടെ ഇടപെടലുകള്‍ വഴി സര്‍ക്കാരിന്റേയോ സ്വന്തം പാര്‍ട്ടിയുടെ തന്നേയോ നിലപാടുകളെ സ്വാധീനിക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്നതാണ് സത്യം.

ഇത്തരമൊരു സാഹചര്യത്തിലാണ് സമരസംഘടനകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ഏതു രീതിയില്‍ ബന്ധപ്പെടണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുന്നത്. നിലവിലുള്ള ‘ ഉറച്ച ‘ മുന്നണി കക്ഷി ബന്ധങ്ങളെ തകിടംമറിച്ചുകൊണ്ട് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചിന്തകള്‍ ഏറെ പ്രസക്തമാകുന്നു.
അടുത്ത പേജില്‍ തുടരുന്നു

Advertisement