എഡിറ്റര്‍
എഡിറ്റര്‍
പിണറായിയുടെ ചര്‍ച്ച ഫലം കണ്ടില്ല: ബേഡകത്ത് സി.പി.ഐ.എമ്മില്‍ കൂട്ടരാജി
എഡിറ്റര്‍
Thursday 9th January 2014 9:09am

c.p.i.m

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡകത്ത് സി.പി.ഐ.എമ്മിലെ ഏരിയാ കമ്മിറ്റിക്ക് കീഴിലെ നൂറോളം അംഗങ്ങള്‍ രാജി വച്ചു.

പുറത്താക്കി വിജിലന്‍സ് അന്വേഷണം നേരിടുന്ന  ബേഡകം ഏരിയാ സക്രട്ടറിയെ വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

ബേഡകം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാസര്‍ഗോഡ് മൂന്ന് ദിവസം ക്യാമ്പ്  സംസ്ഥാന സെക്രട്ടറി ചെയ്ത് പിണറായി വിജയന്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശമനുസരിച്ചാണ് ബേഡകം ഏരിയ സെക്രട്ടറിയായി സി.ബാലനെ വീണ്ടും ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

ഇതിനെതിരെയാണ് ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ പി.ദിവാകരനും ഏരിയാ കമ്മിറ്റിം അംഗവും കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.ഗോപാലന്‍ മാസ്റ്ററും രംഗത്ത് വന്നത്.

ബാലനെ ഏരിയാ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തിലും ഒരു വിഭാഗത്തിന്റെ എതിര്‍പ്പുണ്ടായിരുന്നു.

എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ നടപടിയുമായി മുന്നോട്ട് പോകാനുള്ള പാര്‍ട്ടിയുടെ തീരുമാനമാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

സി.പി.ഐ.എമ്മിന്റെ പ്രബല കേന്ദ്രമായ ബേഡകത്ത് ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ വിഭാഗീയത തുടരുകയാണ്.

കുറ്റിക്കോലില്‍ നടന്ന ഏരിയാ സമ്മേളനത്തില്‍ പി.ദിവാകരന്‍ ഉള്‍പ്പെടെ ഔദ്യോഗിക പാനലിലെ അഞ്ച് പേരെ പരാജയപ്പെടുത്തിയാണ് ബാലന്‍
സെക്രട്ടറിയായത്.

എന്നാല്‍ വിഭാഗീയപ്രവര്‍ത്തനം, പരസ്യ പ്രസ്താവന, ഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കാട്ടി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്  ബാലനെ സ്ഥാനത്ത് നിന്ന് മാറ്റി ആദ്യം ജില്ലാ സക്രട്ടറിയേറ്റ് അംഗം കെ.ബാലകൃഷ്ണനെ ചുമതലപ്പെടുത്തുകയും പിന്നീട് പിന്നീട് മറ്റൊരു ജില്ലാ സക്രട്ടറിയേറ്റ് അംഗം എം.രാജഗോപാലിനെ ഏരിയാ സെക്രട്ടറിയുമാക്കുകയായിരുന്നു.

ഈ രീതിയോട് പ്രവര്‍ത്തകര്‍ പൊരുത്തപ്പെട്ട് പോകുന്നതിനിടെയാണ് സംസ്ഥാനക്കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റി നടപ്പിലാക്കിയത്.

രാജിക്കത്ത് നല്‍കിയ   ജില്ലാ കമ്മിറ്റിയംഗം പി.ദിവാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കെതിരെ  സമാന്തരക്കമ്മിറ്റി രൂപീകരിക്കാനും നീക്കം നടക്കുന്നതായാണ് സൂചന. അതേസമയം തങ്ങള്‍ക്ക് ആരുടെയും രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ അറിയിച്ചു.

Advertisement