കണ്ണൂര്‍: സി.പി.ഐ.എം- സി.പി.ഐ തര്‍ക്കം പരിഹരിക്കാന്‍ ധാരണയായി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി സി.പി.ഐ നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനേയും ടി.വി രാജേഷ് എം.എല്‍.എയേയും കണ്ടു.

Ads By Google

സി.പി.ഐ കണ്ണുര്‍ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്.

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പള്ളിപ്രം ബാലന്‍, സി.പി. മുരളി തുടങ്ങിയവരുള്‍പ്പടെ എട്ടംഗ സംഘമാണ് ജയിലിലെത്തി സി.പി.ഐ.എം നേതാക്കളെ കണ്ടത്.

ഇരുപാര്‍ട്ടികളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി എല്‍.ഡി.എഫ് യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കും.

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നടത്തിയ ഹര്‍ത്താലില്‍ സി.പി.ഐ വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഇരുകക്ഷികളും തമ്മിലുള്ള വാഗ്‌വാദം രൂക്ഷമായത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരസ്യപ്രസ്താവനയോടെ ആരംഭിച്ച പോര് കഴിഞ്ഞദിവസം സി.പി.ഐ മുഖപത്രം ജനയുഗം സി.പി.ഐ.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം എഴുതുന്നത് വരെ എത്തിയിരുന്നു.

മുഖപ്രസംഗത്തിന് മറുപടിയുമായി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ പോര് ഒന്നുകൂടി മൂര്‍ഛിച്ചിരുന്നു. സി.പി.ഐ അരാഷ്ട്രീയ പാര്‍ട്ടിയാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. അരാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ തിരുത്തുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള വാക്‌പോര് അവസാനിപ്പിക്കാന്‍ ഇന്നലെ കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. നേതാക്കള്‍ തമ്മില്‍ പരസ്യയുദ്ധത്തില്‍ ഏര്‍പ്പെടുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഇന്നലെ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നത് നിര്‍ത്തണം. ഇത് പാര്‍ട്ടിക്ക് ഗുണകരമല്ല. ടി.പി വധവും തുടര്‍ന്നുള്ള വിഷയവും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയ ഈ അവസരത്തില്‍ നേതാക്കള്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.