എഡിറ്റര്‍
എഡിറ്റര്‍
താക്കറെയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം: സി.പി.ഐ.എം
എഡിറ്റര്‍
Tuesday 20th November 2012 2:00pm

ന്യൂദല്‍ഹി: ശിവസേന നേതാവ് ബാല്‍ താക്കറെയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

പെണ്‍കുട്ടികളില്‍ ഒരാളുടെ ബന്ധു നടത്തുന്ന ക്ലിനിക്ക് ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാതെ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

Ads By Google

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി മുന്നണി ശിവസേനയോട് പുലര്‍ത്തുന്ന മൃദുസമീപനത്തിന് ഉദാഹരണമാണ് പെണ്‍കുട്ടികള്‍ക്കെതിരായ കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടി.

ഐ.ടി നിയമത്തിലെ ചില നിബന്ധനകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ ഇത്തരം നിബന്ധനകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഒരിക്കല്‍ക്കൂടി ആവശ്യപ്പെടുകയാണെന്നും പോളിറ്റ്ബ്യൂറോ വ്യക്തമാക്കി.

‘താക്കറെയെ പോലുള്ള ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യും. അതിന്റെ പേരില്‍ ബന്ദ് ആചരിക്കേണ്ട ആവശ്യമില്ല. നാം സ്മരിക്കേണ്ടത് ഭഗത്‌സിങിനെയും സുഖ്‌ദേവിനേയുമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത  ധീരരക്തസാക്ഷികള്‍’എന്നായിരുന്നു പെണ്‍കുട്ടിയുടെ പോസ്റ്റ്.

ഈ പോസ്റ്റ് ലൈക് ചെയ്ത് സുഹൃത്തായ രേണുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ സ്റ്റാറ്റസ് ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും വര്‍ദ്ധിപ്പിക്കുമെന്നും മറ്റൊരര്‍ത്ഥത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നും കാണിച്ചാണ് അറസ്റ്റ് ചെയ്തത്.

ഐ.പി.സി സെക്ഷന്‍ 505, 295(മ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 64(മ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Advertisement