ഹൈദരാബാദ്: സി.പി.ഐ. എമ്മിന്റെ20 ാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.

ഏപ്രിലില്‍ നടക്കുന്ന കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ വേദി സംസ്ഥാന ഘടകം തീരുമാനിക്കും. ഇതിനുമുന്നോടിയായുള്ള സമ്മേളനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കും. ഇതു മൂന്നാംതവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ആതിഥേയത്വം നിര്‍വഹിക്കുന്നത്.

ഇതിനു മുമ്പ് കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു കോണ്‍ഗ്രസ് നടന്നിരുന്നത്. കോഴിക്കോട്ടുവെച്ചായിരിക്കും അടുത്ത കോണ്‍ഗ്രസെന്നാണ് സൂചന. 23 വര്‍ഷത്തിനുശേഷം പാര്‍ട്ടി കോണ്‍ഗ്രസ്സ് കേരളത്തില്‍ നടത്തുന്നു എന്നൊരു പ്രത്യേകതയും ഇത്തവണയുണ്ട്.

അതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കരടു റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടരുകയാണ്. ബംഗാളിലെ പരാജയമാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ വെച്ചുനടത്തണമെന്ന കാര്യവും ചര്‍ച്ചാവിഷയമാകും. തോമസ് ഐസക്, ശ്രീമതി ടീച്ചര്‍ എന്നിവരാണ് കേരളത്തില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.