എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിം വിഭാഗത്തില്‍ പാര്‍ട്ടിക്ക് സ്വാധീനമില്ല: സി.പി.ഐ.എം സംഘടനാ രേഖ
എഡിറ്റര്‍
Monday 27th August 2012 8:25am

തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ കേഡര്‍മാരെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കാന്‍ സി.പി.ഐ.എം തീരുമാനം. പാര്‍ട്ടിയുടെ ന്യൂനപക്ഷ ഉപസമിതിയോട് ഇതിനായി നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Ads By Google

മുസ്‌ലിം വിഭാഗക്കാരുടെ അനുസ്മരണ പരിപാടികള്‍ പാര്‍ട്ടി തന്നെ സംഘടിപ്പിക്കും. മലപ്പുറം മമ്പറത്തെ സെയ്ദ് ഫസല്‍ പൂക്കോയ തങ്ങള്‍, ആലി മുസല്യാര്‍ തുടങ്ങിയവരുടെ സ്മരണ പുതുക്കും. സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ പങ്കുചേര്‍ന്നവരാണ് ഇവരെന്ന്‌ സി.പി.ഐ.എം ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം വിഭാഗത്തില്‍ പാര്‍ട്ടിക്ക് ശരാശരി സ്വാധീനം പോലുമില്ലെന്ന്‌ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സംഘടനാരേഖ സമ്മതിക്കുന്നു.

സാംസ്‌കാരിക സംഘടനകള്‍ രൂപീകരിച്ചും വിവാഹത്തിനും മറ്റും സാമ്പത്തിക സഹായം നല്‍കിയും പാര്‍ട്ടി അംഗത്വത്തിലേക്ക് ഈ വിഭാഗക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമോ എന്നും ആലോചനയുണ്ട്. ക്രൈസ്തവ വിഭാഗങ്ങള്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നതിനോട് സഭയ്ക്കും ചില പുരോഹിതര്‍ക്കും എതിര്‍പ്പുള്ളതായാണ് സി.പി.ഐ.എമ്മിന്റെ വിലയിരുത്തല്‍.

മാധ്യമങ്ങളുമായുള്ള ബന്ധം കൂടുതല്‍ വഷളക്കരുത് എന്നും ചര്‍ച്ചയില്‍ അഭിപ്രായുണ്ടായി. എന്നാല്‍ രേഖയില്‍ ഈ നിലപാട് പങ്കുവയ്ക്കുന്നതായി സൂചനയില്ല. നവമാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ക്ക്‌ കഴിയുന്നുണ്ടോ എന്നും പരിശോധിക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി.

മദ്യം, ലഹരിമരുന്ന് ഉപയോഗം, ആഭരണഭ്രമം, സ്ത്രീധനം തുടങ്ങിയവയ്‌ക്കെതിരെ പ്രചാരണം വ്യാപകമാക്കും.  ഉറവിടത്തില്‍ മാലിന്യ സംസ്‌കരണം എന്ന നിലപാടുമായി മാലിന്യപ്രശ്‌നത്തില്‍ സജീവമായി ഇടപെടും. വിവിധ പ്രശ്‌നങ്ങളില്‍ ബഹുജന സമരപരമ്പരയിലൂടെ മാത്രമേ പാര്‍ട്ടിക്ക് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയൂ എന്ന വികാരമാണ് രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ നിഴലിച്ചത്.

Advertisement