എഡിറ്റര്‍
എഡിറ്റര്‍
ഇ.അഹമ്മദിനെതിരെ സിപിഐഎം പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നു; ഖായിദെ മില്ലത്തിന്റെ മകനും പരിഗണനയില്‍
എഡിറ്റര്‍
Wednesday 12th March 2014 1:05pm

malappuram1

മലപ്പുറം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും മണ്ഡലത്തിലും  ഉയര്‍ന്നുവന്ന എതിരഭിപ്രായം മാനിക്കാതെ ഇ.അഹമ്മദിനെ മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയാക്കിയ സാഹചര്യം മുതലെടുക്കുവാന്‍ സിപിഐഎം  പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നു.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിപിഐഎം സംസ്ഥാന സമിതിയംഗവും മലപ്പുറം സ്വദേശിയുമായ പി.കെ സൈനബയാണ് ഇടതുസ്ഥാനാര്‍ത്ഥി.

ഇ.അഹമ്മദിനെതിരായ മണ്ഡലത്തിലും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയിലുമുള്ള പ്രതിഷേധ വികാരം വോട്ടാക്കി 2004ലെ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുവാനാണ് സിപിഐഎം  ശ്രമിക്കുന്നത്.

അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിസഭാ അംഗവുമായ ഇ.അഹമ്മദിനെ മലപ്പുറത്ത് മത്സരിപ്പിക്കരുതെന്ന് ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍മത്സരിക്കണമെന്ന ഇ.അഹമ്മദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സീറ്റ് നല്‍കുകയായിരുന്നു.

ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഖായ്‌ദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ മകന്‍ മിയാ ദാവൂദ് ഖാനാണ് മലപ്പുറത്തേക്കായി സിപിഐഎം  പരിഗണിക്കുന്നതില്‍ പ്രമുഖന്‍. പുരോഗമന മുസ്‌ലിം മുഖമായ സൈനബയിലൂടെ യാഥാസ്ഥിതിക മുസ്‌ലിം വോട്ടുകളെ ആകര്‍ഷിക്കാനാവില്ലെന്ന് പാര്‍ട്ടി കരുതുന്നുവെന്നാണ് പുതിയ സൂചനകള്‍.

മലപ്പുറം ജില്ലയിലെ പ്രമുഖ സിപിഐഎം  നേതാവാണ് പി.കെ സൈനബയെങ്കിലും പുതിയ സാഹചര്യത്തില്‍ മറ്റൊരാളെ തേടുന്നതായിരിക്കും നല്ലതെന്നും സിപിഐഎം കരുതുന്നു.

നേരത്തെ മുസ്ലിംലീഗിനെതിരായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും അഹമ്മദിന്റെ മന്ത്രിസ്ഥാനത്തിലുള്‍പ്പെടെ ആശങ്കയുണ്ടാക്കുകയും ചെയ്ത തമിഴ്‌നാട് സ്വദേശിയാണ് ദാവൂദ് മിയാ ഖാന്‍.

Advertisement