എഡിറ്റര്‍
എഡിറ്റര്‍
വടകരയിലെ സംഘര്‍ഷം: ആളെ കൂട്ടിയത് വ്യാജ സന്ദേശം നല്‍കി
എഡിറ്റര്‍
Friday 25th May 2012 10:34am

കോഴിക്കോട്: സി.പി.ഐ.എം ഏരിയ കമ്മിറ്റി സെക്രട്ടറി സി.എച്ച് അശോകന്റെയും ഏരിയ കമ്മിറ്റിയംഗം കെ.കെ കൃഷ്ണന്റെയും അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ സി.പി.ഐ.എം ആളെ കൂട്ടിയത് വ്യാജ എസ്.എം.എസ് സന്ദേശം നല്‍കി. വടകരയില്‍ സി.പി.ഐ.എം-എന്‍.ഡി.എഫ് സംഘര്‍ഷം നടക്കുന്ന എന്ന് അണികള്‍ക്ക് എസ്.എം.എസ് അയക്കുകയായിരുന്നു. സന്ദേശം ലഭിച്ചയുടന്‍ അണികള്‍ അത് സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്തു.

അറസ്റ്റിലായ നേതാക്കളെ വടകര കോടതിയില്‍ എത്തിക്കുമ്പോള്‍ അമ്പതില്‍പരം സി.പി.ഐ.എം സി.പി.ഐ.എം പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്നുള്ളൂ. വ്യാജ സന്ദേശത്തെ തുടര്‍ന്ന് വടകരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തലശേരി, ചൊക്ലിയില്‍ നിന്നുമടക്കം പ്രവര്‍ത്തകര്‍ കിട്ടാവുന്ന വാഹനങ്ങളില്‍  വടകരയിലേക്ക് തിരിക്കുകയായിരുന്നു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി നേതാക്കളെ തിരിച്ചുകൊണ്ടുപോകുമ്പോഴേക്കും തടിച്ചുകൂടിയ പ്രവര്‍ത്തകരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. വ്യാജസന്ദേശം ചോര്‍ന്നതിനാല്‍ ഏതാനും എന്‍.ഡി.എഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.

സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ അശോകനെയും കൃഷ്ണനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വടകര ടൗണില്‍ പ്രകടനം നടത്തി. പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, കെ.കെ. ലതിക, മുന്‍ എംപി: പി. സതീദേവി എന്നിവര്‍ നേതൃത്വം നല്‍കി. പ്രകടനം കോടതിയുടെ 100 മീറ്റര്‍ അകലെ അവസാനിപ്പിച്ചു.

തുടര്‍ന്ന് പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ കോടതിക്കു മുന്നില്‍ തടിച്ചുകൂടി നിന്നു.  അശോകനെയും കൃഷ്ണനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടതറിഞ്ഞ് പ്രവര്‍ത്തകര്‍ കോടതിയുടെ മുന്നില്‍ അണിനിരന്നു. ജനക്കൂട്ടത്തെ കണ്ട് മറ്റൊരു വാതിലിലൂടെയാണ് പ്രതികളെ പൊലീസ് പുറത്തേക്കു കൊണ്ടുപോയത്. ഈ സമയം പൊലീസ് വാഹനത്തിനു മുന്നിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ചാനല്‍ ക്യാമറമാന്‍മാര്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. വടകര ഡി.വൈ.എസ്.പി, പി.പി. സദാനന്ദന്‍, വടകര സി.ഐ: പി.പി. ശശികുമാര്‍, എസ് ഐ: പി. എം. മനോജ്, ചോമ്പാല്‍ എസ് ഐ: യു. ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സന്നാഹം.

മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. തല്‍സമയ വിവരണം നല്‍കുകയായിരുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ പൊലീസിനു ലാത്തിവീശേണ്ടി വന്നു. തുടര്‍ന്ന് കോടതി മുറ്റത്തുനിന്ന് എല്ലാ പ്രവര്‍ത്തകരെയും ഗേറ്റിനു പുറത്താക്കുകയായിരുന്നു.

Advertisement