എഡിറ്റര്‍
എഡിറ്റര്‍
ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശന്റെ വീടിന് നേരെ അക്രമം
എഡിറ്റര്‍
Tuesday 4th September 2012 11:48am

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും ആര്‍.എം.പി ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുമായ കെ.പി പ്രകാശന്റെ വീട് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് പത്തംഗ സംഘം വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.

Ads By Google

വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടേയും മകന്റേയും മേലാണ് ചില്ലുകള്‍ തെറിച്ചുവീണത്. ഇദ്ദേഹത്തിന്റെ ഭാര്യ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും അധ്യാപികയുമാണ്‌.

അക്രമം നടത്തിയ ഉടന്‍ തന്നെ സംഘം വീട്ടില്‍ നിന്നും രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കെ.പി പ്രകാശന്‍ ആരോപിച്ചു.’ ഇന്നലെ വൈകുന്നേരം എട്ട് മണിയോട് കൂടി ബാലുശ്ശേരിയില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകരെ വീട്ടില്‍ കിടത്തി ഉറക്കില്ലെന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു’- അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് ബാലുശ്ശേരി കൂട്ടാലിടയില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച പി. കൃഷ്ണപിള്ള ദിനാചരണത്തിന് നേരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. അന്നത്തെ അക്രമത്തിലും കെ.പി പ്രകാശന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കുപറ്റിയിരുന്നു.

അന്ന് അക്രമം നടത്തിയവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്നലെയായിരുന്നു ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവര്‍ പുറത്തിറങ്ങിയാല്‍ അക്രമസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു.

റിമാന്‍ഡ് നീട്ടിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ വൈകുന്നേരം ബാലുശ്ശേരിയില്‍ പ്രകടനം നടന്നത്. പ്രകടനത്തിനിടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നതായും കെ.പി പ്രകാശന്‍ പറഞ്ഞു.

Advertisement