എഡിറ്റര്‍
എഡിറ്റര്‍
അച്ചടക്കം ലംഘിച്ചെന്ന് സി.പി.ഐ.എം; വി.എസിന്റെ നിലപാട് ശരിയെന്ന് സി.പി.ഐ
എഡിറ്റര്‍
Wednesday 19th September 2012 12:45am

ന്യൂദല്‍ഹി: സി.പി.ഐ.എം വിലക്കിയിട്ടും കൂടംകുളം സന്ദര്‍ശനത്തിനൊരുങ്ങിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കേന്ദ്ര നേതൃത്വം. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി നിലപാടെടുത്ത വി.എസിന്റെ നടപടി അച്ചടക്ക ലംഘനമായിത്തന്നെയാണ് കേന്ദ്രനേതൃത്വം കരുതുന്നത്.

Ads By Google

അടുത്തമാസം നടക്കുന്ന സി.പി.ഐ.എംകേന്ദ്രകമ്മിറ്റിയോഗം വിഷയം ചര്‍ച്ച ചെയ്യും. എന്നാല്‍, കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍മാത്രമേ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവൂ.

അതേസമയം, വി.എസ്. കൂടംകുളത്ത് പോയതില്‍ തെറ്റില്ലെന്നാണ് സി.പി.ഐ കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവിടെ പോകാവുന്നതാണ്. വി.എസിനെ തടഞ്ഞ പോലീസ് നടപടി ശരിയല്ലെന്നും സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഢി പറഞ്ഞു. വി.എസിനെ സി.പി.ഐ.എം വിലക്കിയെങ്കില്‍ അത് ആ പാര്‍ട്ടിയുടെ ആഭ്യന്തരവിഷയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കോഴിക്കോട്ട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൂടംകുളം വിഷയത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്ന് സി.പി.ഐ.എം കേന്ദ്രനേതാക്കള്‍ പറഞ്ഞു. വി.എസ്. ഉള്‍പ്പെടെ ആരും പ്രമേയത്തെ എതിര്‍ക്കുകയോ ഭേദഗതി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഒരു വിഷയത്തില്‍ പാര്‍ട്ടികോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് തിരുത്തണമെങ്കില്‍ അടുത്ത പാര്‍ട്ടികോണ്‍ഗ്രസ്സിനേ കഴിയൂ.

അമേരിക്കയുമായുള്ള ആണവക്കരാറിനുമുമ്പേയുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് കൂടംകുളം ആണവനിലയം. ദുരന്തമോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ആര് ബാധ്യത വഹിക്കുമെന്നതാണ് ഇപ്പോഴത്തെ ആണവക്കരാറിന്റെ മുഖ്യപ്രശ്‌നം.

ഇപ്പോള്‍ ആണവരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വാണിജ്യാടിസ്ഥാനത്തിലുള്ളവ മാത്രമാണ്. ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. ഇത്തരം പ്രശ്‌നങ്ങളുടെ പേരിലാണ് ആണവക്കരാറിനെ പാര്‍ട്ടി എതിര്‍ക്കുന്നത്.

എന്നാല്‍, കൂടംകുളം നിലയത്തെ ഇതേസമീപനത്തില്‍ വിലയിരുത്താനാവില്ല. ദുരന്തമോ പ്രശ്‌നമോ ഉണ്ടായാല്‍ ആര് ബാധ്യതവഹിക്കുമെന്നത് വ്യക്തമായി വ്യവസ്ഥയുണ്ട്. പക്ഷേ, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുമാത്രമേ നിലയം പ്രവര്‍ത്തിപ്പിക്കാവൂ.

വി.എസ്. വ്യത്യസ്തമായ നിലപാടെടുത്തെങ്കിലും കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായമില്ല. വിവാദങ്ങള്‍ക്കുപിറകേ പോവാതെ ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുകയെന്നും സി.പി.ഐ.എം നേതാക്കള്‍ അറിയിച്ചു.

Advertisement