എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന്റെ ഭൂസമരം മൂന്ന് ദിവസം പിന്നിട്ടു; സര്‍ക്കാര്‍ ഇടപെടുന്നില്ല
എഡിറ്റര്‍
Thursday 3rd January 2013 12:40am

തിരുവനന്തപുരം: പുറമ്പോക്ക് ഭൂമിയും മിച്ചഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം നടത്തുന്ന ഭൂസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

Ads By Google

എന്നാല്‍ സമരം രണ്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. രണ്ടാം ദിവസമായ ഇന്നലെ എല്ലാ ജില്ലകളിലും ആദ്യ ദിവസം പ്രവേശിച്ച ഭൂമിയില്‍ തന്നെയാണ് സമരം തുടര്‍ന്നത്.

പ്രക്ഷോഭകരം അറസ്റ്റ് ചെയ്യാനോ നീക്കം ചെയ്യാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ മാത്രമേ ഇടപെടുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്ന ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ കൈയ്യേറിയ ഭൂമിയില്‍ കുടില്‍ കെട്ടി പ്രക്ഷോഭം രൂക്ഷമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആവര്‍ത്തിച്ചു.

സമരം പോലീസ് തടയുകയാണെങ്കില്‍ ജാമ്യമെടുക്കാതെ അറസ്റ്റ് വരിച്ച് ജയിലില്‍ പോകാനും ഈ മാസം പത്ത് വരെ ഈ നില തുടരാനുമാണ് പാര്‍ട്ടി തീരുമാനം പത്ത് വരെ ഓരോ ജില്ലയിലും ഓരോ ഏരിയകളിലേയും സമര വളണ്ടിയര്‍മാരാണ് മിച്ചഭൂമിയില്‍ പ്രവേശിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കണമെന്നാണ് പ്രധാന ആവശ്യം. തോട്ട ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം പദ്ധതികള്‍ക്കായി മാറ്റിവെയ്ക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.

Advertisement