തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ കൊല്ലത്തെ സെഷന്‍സ് കോടതിയില്‍ നടത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചു.

Ads By Google

കേസിലെ സുപ്രധാന രേഖകളെല്ലാം കൊല്ലം സെഷന്‍സ് കോടതിയിലാണ് ഉളളത്. കേസിലെ മൊഴിയെല്ലാം മലയാളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റിയാല്‍ മൊഴികളെല്ലാം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടി വരുന്നതിന് കാലതാമസം എടുക്കും. ഇത് കേസ് വൈകിപ്പിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

കടല്‍ക്കൊലക്കേസിലെ സാക്ഷികളെല്ലാം കൊല്ലത്തുള്ളവരാണ്. അവര്‍ മൊഴി നല്‍കാനായി ദല്‍ഹിയിലെത്തുകയെന്നത് കേസിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതിനായി കൊല്ലം സെഷന്‍സ് കോടതിയെ പ്രത്യേക കോടതിയായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാന്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. ഇതനുസരിച്ച് പ്രത്യേക കോടതി രൂപീകരിക്കാനുള്ള ഉത്തരവ് ദല്‍ഹി ഹൈക്കോടതി ഇന്നലെ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ ഇടപെടല്‍ വൈകിപ്പോയെന്നും ദല്‍ഹിയില്‍ പ്രത്യേകകോടതി സ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടശേഷം ഇത്തരമൊരു കത്തയയ്ക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും അഡ്വക്കറ്റ് ജയശങ്കര്‍ പ്രതികരിച്ചു.