എഡിറ്റര്‍
എഡിറ്റര്‍
സി.കെ ചന്ദ്രപ്പന്‍ അന്തരിച്ചു
എഡിറ്റര്‍
Thursday 22nd March 2012 12:33pm

 

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാനസെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ രാവിലെ 11.20നായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്.

നേരത്തെ ക്യാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലൂടെ ഇതില്‍ നിന്ന് മുക്തനായിരുന്നു. എന്നാല്‍ പിന്നീട് കരളിലേക്കും ക്യാന്‍സര്‍ രോഗം ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. പിറവത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്ത അദ്ദേഹത്തെ പിന്നീട് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ന്യുമോണിയ ബാധിച്ച അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനവും താളം തെറ്റിയിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. നെഞ്ചിന് അണുബാധയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇതിനുപിന്നാലെയായിരുന്നു അന്ത്യം.

c-k-chandrappan

കൊല്ലത്ത് നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ വളരെ ആവേശപൂര്‍വമാണ് ചന്ദ്രപ്പന്‍ പങ്കെടുത്തത്. ഈ സമ്മേളനത്തില്‍ വീണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച അദ്ദേഹത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ കുമാരപ്പണിക്കരുടേയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 ലാണ് ചന്ദ്രപ്പന്‍ ജനിച്ചത്. ചേര്‍ത്തലയിലും തൃപ്പൂണിത്തറയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം 1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അക്കാലത്ത് നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മൂന്ന് തവണ പാര്‍ലമെന്റിലേക്കും ഒരു തവണ നിയസമഭയിലേക്കും സി.കെ ചന്ദ്രപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1971ല്‍ തലശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത്. 1977ല്‍ കണ്ണൂരില്‍ നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി മണ്ഡലം കണ്ണൂര്‍ ആയപ്പോള്‍ 1977ലും തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ തൃശൂര്‍ ലോകസഭാമണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. 1987ല്‍ ചേര്‍ത്തലാ  നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വയലാര്‍ രവിയോട് പരാജയപ്പെട്ടു. 1991ല്‍ ഇതേ മണ്ഡലത്തില്‍ വയലാര്‍ രവിയെ തോല്‍പ്പിച്ച് അദ്ദേഹം നിയമസഭയിലെത്തി. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.കെ ആന്റണിയോട് പരാജയപ്പെട്ടു.

സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാന്‍ സഭാ ദേശീയ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരികെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലത്ത് നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.

മികച്ച പാര്‍ലമെന്റേറിയനായിരുന്നു ചന്ദ്രപ്പന്‍ . കെടിഡിസി ചെയര്‍മാന്‍ , കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ്. ബംഗാളിയും അഖിലേന്ത്യാ വര്‍ക്കിങ് വുമന്‍സ് നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. സഹോദരങ്ങള്‍ : പരേതനായ സി കെ രാജപ്പന്‍ , പരേതനായ സി കെ കൃഷ്ണന്‍ , സി കെ വേലപ്പന്‍ , ലക്ഷ്മിക്കുട്ടി.

.

 

Advertisement