കൊല്ലം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി സി.കെ ചന്ദ്രപ്പനെ വീണ്ടും തിരഞ്ഞെടുത്തു. ചന്ദ്രപ്പനെ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്താനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു.

വെളിയം ഭാര്‍ഗവന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് നിന്ന് അനാരോഗ്യം മൂലം പിന്‍മാറിയതിനെതുടര്‍ന്നാണ് സി.കെ.ചന്ദ്രപ്പനെ സെക്രട്ടറിയായി കേന്ദ്രനേതൃത്വം നിയോഗിച്ചത്. അനാരോഗ്യംമൂലം ചന്ദ്രപ്പന്‍ തുടരില്ലെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു.

Subscribe Us:

89 അംഗ സംസ്ഥാന കൗണ്‍സിലിനും ഇന്ന് അംഗീകാരം നല്‍കി. ഈ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്്. മറ്റുഭാരവാഹികളെ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം തിരഞ്ഞെടുക്കും. മാങ്കോട് രാധാകൃഷ്ണനെയും വേണുഗോപാലന്‍ നായരേയും കൗണ്‍സിലില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സംസ്ഥാന കൗണ്‍സിലില്‍ 12 പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ദേശീയതലത്തില്‍ ശ്രദ്ധേയനായ നേതാവായ ചന്ദ്രപ്പന്‍ 2010 നവംബറിലാണ് സംസ്ഥാന നേതൃത്വം ഏറ്റെടുക്കുന്നത്. ‘വയലാര്‍ സ്റ്റാലിന്‍’ എന്നറിപ്പെട്ട പ്രമുഖ സിപിഐ നേതാവ് സി.കെ കുമാര പണിക്കറുടെ മകനായി 1935 നവംബര്‍ 10ന് ആലപ്പുഴയില്‍ ജനിച്ച ചന്ദ്രപ്പന്‍, 1977 മുതല്‍ 80 വരെയും 2004 മുതല്‍ 2010 വരെയും പാര്‍ലമെന്റംഗമായി പ്രവര്‍ത്തിച്ചു. 1991 മുതല്‍ 96 വരെ ചേര്‍ത്തലയില്‍ നിന്നും നിയമസഭാംഗമായി. എ.ഐ.വൈ.എഫ് മുന്‍ ദേശീയ പ്രസിഡന്റുകൂടിയായ ചന്ദ്രപ്പന്‍ കിസാന്‍ സഭ ദേശീയ പ്രസിഡന്റുമാണ്.

പശ്ചിമ ബംഗാളിലെ പ്രമുഖ സാഹൂഹ്യ പ്രവര്‍ത്തകയായ ബുലു റോയ് ചൗധരിയാണ് ഭാര്യ. സി.പി.ഐ കൗണ്‍സിലില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ബര്‍ദന്‍ ആരോപിച്ചു.

Malayalam News

Kerala News In English