തിരുവനന്തപുരം: മൂന്നാര്‍ ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രിയും സി പി ഐ നേതാവുമായ സി ദിവാകരന്‍. മൂന്നാര്‍ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ല.

ടൗണ്‍ഷിപ്പ് നടപ്പാക്കാനുളള ഓര്‍ഡിനന്‍സ് പുതുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിക്കുകയും ഇടതുമുന്നണി അനുവാദം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് പുതുക്കാതിരിക്കുകയായിരുന്നു. സി പി ഐ മന്ത്രിയുടെ കീഴിലുള്ള രജിസ്‌ട്രേഷന്‍ വകുപ്പ് പ്രധാനമായും കൈകാര്യം ചെയ്യുന്ന പദ്ധതി നടപ്പാക്കെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിക്കെതിരെ സി പി ഐ നേതാക്കള്‍ രംഗത്തുവന്നിരുന്നു.

ടൗണ്‍ഷിപ്പിന് നിയമപ്രാബല്യം നല്‍കിയാല്‍ അത് സര്‍ക്കാരും ടാറ്റയുമായുള്ള കേസുകളെ ദുര്‍ബലപ്പെടുത്തുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓര്‍ഡിനന്‍സിനെ എതിര്‍ത്തിരുന്നില്ല.

കഴിഞ്ഞ എല്‍ ഡി എഫ് യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാനിരുന്നതാണെങ്കിലും വി എസ് യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ച ചെയ്തിരുന്നില്ല.