തിരുവനന്തപുരം: സിപിഐയ്യില്‍ നേതൃമാറ്റം ഇപ്പോള്‍  അജണ്ഡയിലില്ലെന്ന് മന്ത്രി സി.ദിവാകരന്‍.  നേതൃമാറ്റത്തിനായല്ല സിപിഐ ദേശീയ സെക്രട്ടറി എ.ബി ബര്‍ദാന്‍ കേരളത്തില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ പുതിയ നേതൃത്വം വരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ വെളിയം ഭാര്‍ഗവനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാന്‍ ചര്‍ച്ചകളുണ്ടാകും എന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നേതൃനിരയില്‍ മാറ്റത്തിന് സിപിഐയ്യില്‍ ചര്‍ച്ച നടക്കുന്നത്. വെളിയത്തിന്‍റെ അനാരോഗ്യം മൂലമാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റാന്‍ ധാരണയായിട്ടുള്ളത്.

എന്നാല്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെടാതെ അത്തരമൊരു ആവശ്യം കേന്ദ്ര നേതൃത്വത്തോട് പറയേണ്ടതില്ല എന്നാണ് സിപിഐ എക്സിക്യൂട്ടീവ് കഴിഞ്ഞ ദിവസെമുടുത്ത തീരുമാനം.