തിരുവനന്തപുരം: സി.പി.ഐ നേതാക്കള്‍ക്കെതിരേ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി സി ദിവാകരന്‍ രംഗത്തെത്തി. പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്ന് ഭക്ഷ്യമന്ത്രികൂടിയായ ദിവാകരന്‍ വ്യക്തമാക്കി.

ഏതു സാഹചര്യത്തിലാണ് ജയദേവന്‍ അത്തരമൊരു പ്രസ്താവന നടത്തിയത് എന്നറിയില്ല. എന്ത് അഭിപ്രായമുണ്ടെങ്കിലും അത് പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. ഓരോ ജില്ലാ സെക്രട്ടറിമാരുടെ പ്രസ്താവനകള്‍ക്കും മറുപടി നല്‍കാന്‍ കഴിയില്ലെന്നും ദിവാകരന്‍ പറഞ്ഞു.

Subscribe Us:

നിയമനതട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ദിവാകരനെതിരേയും മുല്ലക്കര രത്‌നാകരനെതിരേയും ജയദേവന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും അഴിമതി നടത്തിയവര്‍ തെറിക്കണമെന്നായിരുന്നു ജയദേവന്‍ അഭിപ്രായപ്പെട്ടത്. ദിവാകരനും രത്‌നാകരനും ആദ്യമായാണ് നിയമസഭ കാണുന്നതെന്നും അതിന്റെ പരിചയക്കുറവ് അവര്‍ക്കുണ്ടെന്നും ജയദേവന്‍ വ്യക്തമാക്കിയിരുന്നു.