എഡിറ്റര്‍
എഡിറ്റര്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: താരങ്ങള്‍ പരിശീലനത്തില്‍
എഡിറ്റര്‍
Friday 11th January 2013 11:12am

തൃപ്പൂണിത്തുറ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ (സിസിഎല്‍) കേരള സ്‌ട്രൈക്കേഴ്‌സിന്റെ താരങ്ങള്‍ മത്സരത്തിനായുള്ള പരിശീലനം തുടങ്ങി. തൃപ്പൂണിത്തുറ പാലസ് ഗ്രൗണ്ടില്‍ ഇന്നലെയാണ് പരിശീലനം തുടങ്ങിയത്.

Ads By Google

നായകന്‍ മോഹന്‍ലാലിന്റെ അസാന്നിധ്യമൊഴിച്ചാല്‍ ടീമിലെ മിക്ക താരങ്ങളും ക്യാമ്പിലെത്തിയിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് അവസാനനിമിഷമാണ് ലാല്‍ എത്തില്ലെന്ന അറിയിപ്പ് ക്യാമ്പില്‍ ലഭിക്കുന്നത്.

ലാലിന്റെ അസാന്നിധ്യത്തില്‍ നിവിന്‍ പോളിയായിരുന്നു തൃപ്പൂണിത്തുറ ബി ടീമിനെതിരെ നടന്ന പരിശീലമത്സരത്തില്‍ ടീമിനെ നയിച്ചത്.

ഫീല്‍ഡിലെ പിഴവുകള്‍ പറഞ്ഞുകൊടുക്കാന്‍ കോച്ച് ചന്ദ്രസേനനും അസിസ്റ്റന്റ് കോച്ച് എം.എ സുനിലും ഉണ്ടായിരുന്നു കഴിഞ്ഞ സീസണിലെ സൂപ്പര്‍സ്റ്റാര്‍ രാജീവ് പിള്ളയുള്‍പ്പെടെയുള്ള മിക്കവാറും താരങ്ങളും ക്യാമ്പിലെത്തിയിരുന്നു.

ബാറ്റിങ്ങിന് കൂടുതല്‍ ശ്രദ്ധ കൊടുത്തുകൊണ്ടുള്ള പരിശീലനത്തിനാണ് ഊന്നല്‍ കൊടുക്കുന്നതെന്ന് കോച്ച് ചന്ദ്രസേനന്‍ പറഞ്ഞു.

ഫിസിയോ, യോഗ, ജിംനേഷ്യം, നീന്തല്‍, മെഡിറ്റേഷന്‍ തുടങ്ങിയ അഭ്യാസമുറകളും പരീശീലനത്തില്‍ നല്കുന്നുണ്ട്. മോഹന്‍ലാല്‍, മണിക്കുട്ടന്‍ എന്നിവരൊഴിച്ച് ടീമിലെ മറ്റംഗങ്ങളെല്ലാം ഇന്നലെ എത്തിയിരുന്നു.

നിവിന്‍പോളി, കലാഭവന്‍ പ്രജോദ്, ബിനീഷ് കോടിയേരി, വിനുമോഹന്‍, രാഹുല്‍ മാധവ്, മദന്‍ മോഹന്‍, സുരേഷ് നായര്‍, ഷഫീഖ് റഹ്മാന്‍, വിവേക് ഗോപന്‍, വി. അരുണ്‍, രാകേന്ദു, ഇന്ദ്രജിത്ത്, രാജീവ്പിള്ള, സൈജുകുറുപ്പ്, റിയാസ്ഖാന്‍ എന്നിവരും ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു.

19 വരെ താരങ്ങള്‍ പാലസ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന ടീം അതിനുശേഷം ചില വെറ്ററന്‍സ് ടീമുകളുമായി പരിശീലനമത്സരത്തില്‍ കളിക്കും. ഫെബ്രുവരി ആദ്യവാരം ദുബായിലാണ് സി.സി.എല്ലിന്റെ ഉദ്ഘാടനമത്സരം. ഒമ്പതിനാണ് കൊച്ചിയിലെ മത്സരം.

Advertisement