എഡിറ്റര്‍
എഡിറ്റര്‍
മഴയില്‍ നനഞ്ഞ് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്
എഡിറ്റര്‍
Sunday 17th February 2013 12:05pm

ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിന് ജയിക്കാമായിരുന്ന മത്സരം മഴ നിയമത്തില്‍ തോറ്റു. ബോജ്പൂരി ധബാങ്ങിനോട് 11 റണ്‍സിനാണ് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് തോറ്റത്.

ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റില്‍ ജയദേവന്റെ മഴനിയമമാണ് പിന്തുടരുന്നത്. എന്നാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് സ്‌ട്രൈക്കേഴ്‌സിന്റെ പരാജയം നിര്‍ണ്ണയിച്ചത്. ബോജ്പൂരി ധബാങ്‌സ് നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും അതുകൊണ്ട് പോയന്റ് പങ്കുവെക്കണമെന്നുമുള്ള കേരളടീമിന്റെ ആവശ്യം അംഗീകരിച്ചില്ല.

Ads By Google

ടോസ് നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് ധബാംങ്‌സിനെ ബാറ്റിങ്ങിനയച്ചു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് ബോജ്പൂരി എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് 10.2 ഓവറില്‍ 4ന് 75 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ പെയ്തത്.

മഴ കഴിഞ്ഞ് കളിക്കാന്‍ നോക്കുമ്പോള്‍ കളിയുടെ സമയം അവസാനിച്ചിരുന്നു. ഇതോടെ വിജയിയെ നിശ്ചയിക്കാന്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിച്ചു. എന്നാല്‍ കേരളാ സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയതിന്  പ്രതിഷേധമറിയിച്ച് സമാപന ചടങ്ങില്‍ പങ്കെടുക്കാതെ കേരളം മടങ്ങി.

അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ മദന്‍ മോഹന്‍ 33 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത് ക്രീസില്‍ നില്‍ക്കുമ്പോഴാണ് മഴ ചതിച്ചത്. മഴക്ക് മുന്‍പ് തുടര്‍ച്ചയായ 2 പന്തില്‍ കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ പോയതും കേരളത്തിന് തിരിച്ചടിയായി.

മോഹന്‍ലാലിന് പകരം ഇന്ദ്രജിത്താണ് ഇന്നലെ ടീമിനെ നയിച്ചത്. ഈ മാസം 23ന് കേരള സ്‌ട്രൈക്കേഴ്‌സ് ദുബായില്‍ ബംഗാള്‍ ടൈഗേഴ്‌സിനെ നേരിടും. ബംഗാളിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ കേരള സ്‌ട്രൈക്കേഴ്‌സിന് ഇനി സെമി സാധ്യത നിലനിര്‍ത്താനാകൂ.

അതേസമയം, രണ്ടു മത്സരങ്ങളും വിജയിച്ച ഭോജ്പുരി ധബാംഗ്‌സ് സെമി സാധ്യത ഉറപ്പിച്ചു.

Advertisement