പാലക്കാട്: ലാവ്‌ലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൊഴി രേഖപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

Ads By Google

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സാഹചര്യത്തില്‍ വി.എസിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

സത്യത്തിന്റെ ഭാഗത്തുനിന്നതുകൊണ്ടാണ് തന്നെ പാര്‍ട്ടി പൊളിറ്റ്ബ്യൂറോയില്‍ നിന്നു പുറത്താക്കിയതെന്നു പറഞ്ഞ അച്യുതാനന്ദന്റെ മൊഴി രേഖപ്പെടുത്തി കൂടുതല്‍ വസ്തുതകള്‍ സി.ബി.ഐ പുറത്തു കൊണ്ടുവരണമെന്നും രമേശ് ആവശ്യപ്പെട്ടു.

വി.എസ് നടത്തിയ വെളിപ്പെടുത്തലുകള്‍ സി.പി.ഐ.എമ്മിന്റെ ആഭ്യന്തരകാര്യമായി മാത്രം കാണാന്‍ സാധിക്കില്ലെന്നും രമേശ് പറഞ്ഞു. ജനശ്രീ മിഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍.എസ്.എസുമായി ധാരണയുണ്ടായിരുന്നെന്നും ഇല്ലെന്നും സംബന്ധിച്ച അഭിപ്രായങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സൂര്യനെല്ലിക്കേസില്‍ രാജ്യസഭ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പി.ജെ.കുര്യനെ സുപ്രീം കോടതി നേരത്തെ തന്നെ കുറ്റവിമുക്തനാക്കിയതാണ്.

പരമോന്നത കോടതിയായ സുപ്രീം കോടതി തന്നെ വെറുതെ വിട്ട് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പങ്കാളിത്തമില്ലെന്നു് പറഞ്ഞതാണ്. തുടരന്വേഷണത്തിന്റെ സാധ്യതകളെക്കുറിച്ച് തനിക്കറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.