തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ മന്ത്രി ജി. കാര്‍ത്തികേയനും വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണം സി.ബി.ഐ നേരത്തെ അന്വേഷിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു.

Ads By Google

കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച മൂന്ന് ഹരജികളും തള്ളിയാണ് കോടതി ഉത്തരവ്. ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍, ഇ.എം.എസ് സാംസ്‌കാരികവേദി, നെയ്യാറ്റിന്‍കര പി.നാഗരാജ് എന്നിവരുടെ ഹരജികളാണ് തള്ളിയത്.

കേസില്‍ സി.ബി.ഐ അന്വേഷണം പക്ഷപാതപരമായിരുന്നില്ലെന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ട കാര്യങ്ങളെക്കുറിച്ച് നേരത്തെ അന്വേഷിച്ചതാണെന്നും കോടതി വിലയിരുത്തി.

കേസിലെ 15-ാം സാക്ഷിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പണം കൈപ്പറ്റിയതായുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു നന്ദകുമാറിന്റെ ഹര്‍ജിയിലെ ആവശ്യം.

ജി.കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് നെയ്യാറ്റിന്‍കര സ്വദേശി നാഗരാജ് ഹരജി സമര്‍പ്പിച്ചത്.

മുന്‍ മന്ത്രിമാരായ ടി.ശിവദാസമേനോന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇ.എം.എസ് സാംസ്‌കാരിക വേദി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.