കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കോട്ടയം വിജിലന്‍സ് കോടതിയിലെ എന്‍ക്വയറി കമ്മീഷന്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് ആണ് ഹരജി തള്ളിയത്. പരാതിയില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.

Ads By Google

വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം പൂഴ്ത്തി വയ്ക്കാന്‍ നിര്‍ദേശിച്ചുവെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹരജി സമര്‍പ്പിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരിയിലാണ് വിജ്ഞാപനമിറക്കിയത്. എന്നാല്‍ അന്വേഷണത്തിനുള്ള വിജ്ഞാപനം ആഭ്യന്തര മന്ത്രി പൂഴ്ത്തിവെയ്ക്കുകയായിരുന്നു എന്നായിരുന്നു ആരോപണം.

മുഖ്യമന്ത്രിക്കു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിന്മേലായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന് ആഭ്യന്തര മന്ത്രി കൈമാറിയില്ലെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.

വിജ്ഞാപനം 3 മാസത്തോളം പൂഴ്ത്തിവച്ചതിനാല്‍ നന്ദകുമാറിന് സുപ്രീംകോടതിയെ സമീപിച്ചു സ്റ്റേ വാങ്ങാന്‍ അവസരം ലഭിച്ചെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.