കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കാനായി ഗൂഢാലോചന നടത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി) നേതാക്കള്‍ ആവശ്യപ്പെട്ടു.

Ads By Google

കേസില്‍ ഗൂഢാലോചന നടത്തിയ ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തുന്നതില്‍ കേരള പോലീസിന് പരിമിതിയുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ആര്‍.എം.പി നേതാക്കള്‍ അറിയിച്ചു.

കേസ് അട്ടിമറിക്കാന്‍ നാല് മാസമായി സംഘടിത ശ്രമം നടക്കുന്നു. പ്രതികളെ ആസൂത്രിതമായി ഒളിവില്‍ താമസിപ്പിച്ചു. ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കൊലപാതകം സി.പി.ഐ.എമ്മിലെ ഉന്നതരുടെ അറിവോടെയാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തീവ്രവാദ സംഘടനകളുടെ പേര് വലിച്ചിഴച്ചത് പിണറായി വിജയനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില സി.പി.ഐ.എം  നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആര്‍.എം.പി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സി.പി.ഐ.എം നേതൃത്വം വിവരാവകാശനിയമ പ്രകാരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.