എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി ഭൂമി കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണം: ഗണേഷ് കുമാര്‍
എഡിറ്റര്‍
Saturday 18th August 2012 11:56am

തിരുവനന്തപുരം: നെല്ലിയാമ്പതി ഭൂമി കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണമെന്ന് വനംവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. അഴിമതി വ്യക്തമായിട്ടും ബാങ്കുകള്‍ അന്വേഷണം ആവശ്യപ്പെടാത്തതില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Ads By Google

ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം പര്യാപ്തമല്ലെന്നും ഗണേഷ് പറഞ്ഞു. നെല്ലിയാമ്പതിയിലേത് വനഭൂമിയാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

നെല്ലിയാമ്പതിയിലെ പാട്ട ഭൂമിയായ കാരപ്പാറ എസ്‌റ്റേറ്റ് വനഭൂമിയെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. വനഭൂമിയ്ക്ക് കൈവശാവകാശം നല്‍കാനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്നും പ്രാഥമിക വാദത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി.

നെല്ലിയാമ്പതിയിലെ കാരപ്പാറ തോട്ടം ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന വ്യക്തിക്ക് കൈവശാവകാശ രേഖ നല്‍കാത്ത വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നിന്നും നേടിയ വിധി ഇതോടെ സ്‌റ്റേ ചെയ്യപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോയെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെടാതെയാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.

ഇതിന് മുന്‍പ് നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ എസ്‌റ്റേറ്റ് ഉടമകളെ വഴിവിട്ട് സഹായിച്ചുവെന്ന പരാതിയിന്‍മേല്‍ ധനകാര്യമന്ത്രി കെ.എം.മാണിയ്ക്കും ചീഫ് വിപ്പ് പി.സി.ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.

തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടേതായിരുന്നു ഉത്തരവ്. മലയാളവേദി എന്ന സാമൂഹ്യസംഘടന നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

Advertisement