ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് വീണ്ടും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കുരുക്ക്. പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ വിശദീകരിക്കുന്ന വ്യോമയാന മന്ത്രാലയത്തിന്റെയും പെട്രോളിയം മന്ത്രാലയത്തിന്റെയും സി. എ. ജി റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്രസ്ട്രീസിനെ സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതായും മന്ത്രിയായിരിക്കെ പ്രഫുല്‍ പട്ടേല്‍ 38,423 കോടി രൂപയുടെ നഷ്ടം വരുത്തിയതായും സി. എ. ജി റിപ്പോര്‍ട്ട് പറയുന്നു.

ആന്ധ്രപ്രദേശിലെ കൃഷ്ണ ഗോദാവരീതടത്തില്‍ പ്രകൃതിവാതകം കണ്ടെത്തിയ 7645 ചതുരശ്രകിലോമീറ്റര്‍ സ്ഥലം മുഴുവനും സ്വന്തമാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് രൂക്ഷ വിമര്‍ശനം. ഒരു കമ്പനിയെ മാത്രം ലേലത്തില്‍ പങ്കെടുപ്പിച്ച് കൃഷ്ണ, ഗോദാവരി എണ്ണപ്പാടങ്ങളിലെ പത്ത് എണ്ണക്കിണറുകള്‍ പര്യവേക്ഷണത്തിന് കരാര്‍ കൊടുത്ത മുരളി ദേവ്‌റയുടെ മന്ത്രാലയം രണ്ടും മൂന്നും ഘട്ടത്തിലായി നടന്ന എണ്ണ പര്യവേക്ഷണങ്ങളിലും റിലയന്‍സിന് സാമ്പത്തിക ലാഭമുണ്ടാക്കുന്ന നിലപാടെടുത്തു. കരാറിന് വിരുദ്ധമായി പ്രവൃത്തിയില്‍ കാലതാമസം വരുത്തിയ റിലയന്‍സില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് പകരം ചെലവ് വര്‍ധിച്ചുവെന്ന് കാണിച്ച് അവര്‍ക്ക് കൂടുതല്‍ തുക ഖജനാവില്‍നിന്ന് വകയിരുത്തിക്കൊടുത്തുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതുസംബന്ധിച്ച കരാര്‍ പുനരവലോകനം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയെ 38,423 കോടി രൂപയുടെ കടത്തിലെത്തിച്ചത് പ്രഫുല്‍ പട്ടേല്‍ മന്ത്രിയായിരിക്കെ നടത്തിയ വിമാന ഇടപാടാണെന്ന് സി. എ. ജി പറയുന്നു. ധൃതിയിലെടുത്ത ക്രമരഹിതമായ തീരുമാനങ്ങളിലൂടെ എയര്‍ ഇന്ത്യക്ക് 68ഉം ഇന്ത്യന്‍ എയര്‍ലൈന്‍സിന് 43ഉം വിമാനങ്ങള്‍ വാങ്ങിക്കൂട്ടിയാണ് പ്രഫുല്‍ പട്ടേല്‍ സര്‍ക്കാറിന് കടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ എത്തി രണ്ടു മാസത്തിനകം വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നിലെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത സി. എ. ജി നേരത്തേയുണ്ടായിരുന്ന പദ്ധതിനിര്‍ദേശം മാറ്റിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ലയനം ബുദ്ധിപരമായ തീരുമാനമായിരുന്നില്ലെന്ന നിരീക്ഷണവും ഉണ്ട്.