എഡിറ്റര്‍
എഡിറ്റര്‍
ഉപതെരഞ്ഞെടുപ്പ്: നാല് യു.ഡി.എഫ് സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു; മലപ്പുറത്ത് പിടിച്ചെടുത്തത് മുസ്‌ലിം ലീഗിന്റെ സ്ഥിരം സീറ്റ്
എഡിറ്റര്‍
Wednesday 19th July 2017 1:39pm

തിരുവനന്തപുരം: 18 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു. ഫലമറിഞ്ഞ 18 വാര്‍ഡുകളില്‍ പത്തുസീറ്റുകളില്‍ എല്‍.ഡി.എഫും ഏഴു സീറ്റുകളില്‍ യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു.

12 ജില്ലകളിലെ മൂന്ന് നഗരസഭ ഡിവിഷിനിലേക്കും, ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കും 14 പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫ് നേടിയ പത്തുസീറ്റുകളില്‍ നാലെണ്ണം യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു.


Must Read: ബി.ജെ.പി എന്നാല്‍ ബീഫ് ജോയ് പാര്‍ട്ടിയെന്നാണോ; ബീഫ് അനുകൂല പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി.എച്ച്.പി


മലപ്പുറത്ത് രണ്ട് യു.ഡി.എഫ് സിറ്റിങ്ങ് സീറ്റുകളാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. തലക്കാട് കാരയില്‍ പഞ്ചായത്ത് വാര്‍ഡ്, എടക്കര പഞ്ചായത്ത് പള്ളിപ്പടി വാര്‍ഡ് എന്നിവയാണ് ലീഗില്‍ നിന്ന് സി.പി.ഐ.എം പിടിച്ചെടുത്തത്.

ഇതില്‍ കാരയില്‍ വാര്‍ഡ് രൂപീകൃതമായ കാലം മുതല്‍ തുടര്‍ച്ചയായി ലീഗ് വിജയിക്കുന്ന സീറ്റാണ്. ഇവിടെ 77 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. നൂര്‍ജഹാന്‍ വിജയിച്ചത്. ലീഗിലെ കെ. ഹസീന രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മലപ്പുറം മൂര്‍ക്കനാട് കൊളത്തൂര്‍ പകലപ്പറമ്പ് വാര്‍ഡില്‍ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.

കോട്ടയം പാമ്പാടി നൊങ്ങല്‍ വാര്‍ഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി റൂബി തോമസ് ആണ് വിജയിച്ചത്. ഉദയനാപുരത്തും കല്ലറയിലും എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി.

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ശ്രീകല വിജയിച്ചു.

പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡും യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ എബിന്‍ ബാബു ആണ് വിജയിച്ചത്.

Advertisement