കേരളാ രാഷ്ട്രീയമിപ്പോള്‍ പിറവച്ചൂടിലാണ്. മന്ത്രി ടി.എം.ജേക്കബിന്റെ മരണത്തെത്തുടര്‍ന്നാണ് പിറവം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മാര്‍ച്ച് 18നാണ് വോട്ടെടുപ്പ്. മാര്‍ച്ച് 21നാണ് വോട്ടെണ്ണല്‍ നടക്കുക. എല്‍.ഡി.എഫും യു.ഡി.എഫും നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് പിറവം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.ജെ ജേക്കബ് തന്നെയാണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അനൂപ് വിജയിച്ചാല്‍ മന്ത്രിയായിരിക്കുമെന്ന് യു.ഡി.എഫ് മുമ്പേ വ്യക്തമാക്കിയിരുന്നു.

നിയമസഭയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നേരിയ ഭൂരിപക്ഷത്തിലാണെന്നിരിക്കെ പിറവം തിരഞ്ഞെടുപ്പിന് വലിയ പ്രസക്തിയാണുള്ളത്. നേരത്തെ തന്നെ ഇരു മുന്നണികളും മണ്ഡലത്തില്‍ പ്രചാരണത്തിനു സജീവമായി ഇറങ്ങിക്കഴിഞ്ഞതാണ്. മന്ദഗതിയിലായിരുന്ന പ്രചാരണ രംഗം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 153 വോട്ടുകള്‍ക്കായിരുന്നു ടി.എം.ജേക്കബ് എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്.

പിറവം ഉപതെരഞ്ഞെടുപ്പില്‍ സാമുദായിക സമവാക്യങ്ങള്‍ ഏറെ നിര്‍ണായകമാണ്. യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കങ്ങള്‍ തന്നെയാകും തെരഞ്ഞെടുപ്പ് വിധി നിശ്ചയിക്കുന്നതില്‍ പ്രധാനമാവുക. സഭകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഇരുമുന്നണികളും തുടങ്ങിക്കഴിഞ്ഞു. യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉള്ള മണ്ഡലങ്ങളാണ് പിറവം. മണ്ഡലത്തിലെ വോട്ടര്‍മാരുടെ അന്‍പത് ശതമാനത്തോളം സഭാ വിശ്വാസികളാണ്. യാക്കോബായ സഭക്കാണ് മണ്ഡലത്തില്‍ മേല്‍കൈ. 40,000 മുതല്‍ 50,000 വരെ വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് യാക്കോബായ സഭയുടെ അവകാശ വാദം. 30,000ത്തിനും 40,000ത്തിനും ഇടയില്‍ വോട്ടുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭയും അവകാശപ്പെടുന്നു. കത്തോലിക്കാ സഭക്കും സ്വാധീനം ഉണ്ട്.

ഈഴവരാണ് പ്രബലരായ മറ്റൊരു സമുദായം. ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കങ്ങള്‍ എക്കാലവും പിറവം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാറുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂബ് ജേക്കബ് യാക്കോബായ വിഭാഗക്കാരനുമാണ്. അനൂപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി യാക്കോബായ സഭ നേരത്തെ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

സഭാതര്‍ക്കം പരിഹരിക്കാത്തതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ഓര്‍ത്തഡോക്‌സ് സഭയെ അനുനയിപ്പിക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങള്‍ ഫലം കണ്ടിട്ടുമില്ല. ക്രിസ്തുവിനെ വിമോചന പോരാളിയായി ചിത്രീകരിച്ച സി.പി.ഐ.എം നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും യാക്കോബായ സഭയുടെ ഉള്ളിലുണ്ടായ തര്‍ക്കം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ട്. അന്ത്യ അത്താഴ പോസ്റ്റര്‍ വിവാദം ക്രൈസ്തവ ഭൂരിപക്ഷമുള്ള പിറവം മണ്ഡലത്തില്‍ ഇടതു വിരുദ്ധ ചലനം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Malayalam News

Kerala News In English