മംഗലാപുരം: കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി പ്രസിഡന്റ് റഹീം ഉച്ചിലിനെ മംഗലാപുരത്തെ ഓഫീസില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഴുത്തിനും വയറിനും കൈകള്‍ക്കും ഗുരുതര വെട്ടേറ്റ റഹീമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എഫ്.ഡി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പാണ്ഡേശ്വര്‍ പോലീസ് പറഞ്ഞു.

ദേശീയ അവാര്‍ഡ് നേടിയ ബ്യാരി സിനിമയിലെ സഹനടനും നിര്‍മ്മാണ സഹായിയുമാണ് റഹീം ഉച്ചില്‍. മംഗലാപുരം ഉച്ചില്‍ സ്വദേശിയായ റഹീം ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറിയാണ്.

അത്താവറിലെ ബ്യാരി സാഹിത്യ അക്കാദമി ഓഫീസില്‍ ബൈക്കിലെത്തിയ മുഖംമൂടിയണിഞ്ഞ ആറംഗ സംഘം റഹീമിനെ അന്വേഷിച്ചു, തുടര്‍ന്ന് അതിക്രമിച്ചു കയറിയ നാലുപേര്‍ ഓഫീസിന്റെ ജനലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. ഇതിനുപിന്നാലെയെത്തിയ രണ്ടുപേരാണ് വടിവാള്‍ ഉപയോഗിച്ച് റഹീമിനെ വെട്ടിയത്. ബഹളം കേട്ട് ഓടിയെത്തിയ മൂന്ന് ഓഫീസ് ജീവനക്കാരേയും സംഘം വെട്ടി. ഇവരുടെ പരിക്ക് സാരമല്ലെന്ന് പോലീസ് പറഞ്ഞു.

റഹീമിനെ വെട്ടിയ വാളും മറ്റ് ആയുധങ്ങളും അക്രമികള്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിന്റെ മുറ്റത്ത് ഉപേക്ഷിച്ചു. ഇവര്‍ വന്ന ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ചെളി ഉപോയോഗിച്ച് മയച്ചിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പോലീസ് പറഞ്ഞു. തൊട്ടടുത്ത ബ്യൂട്ടിപാര്‍ലറില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറിയില്‍ അക്രമത്തിന്റെ കുറച്ചു ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ വ്യക്തത കുറവ് അക്രമികളെ കണ്ടെത്തുന്നതിന് സഹായിക്കുമോ എന്നും സംശമയുണ്ട്.

ദക്ഷിണ കാനറയിലെ വളരെ കുറവ് അംഗസംഖ്യ മാത്രമുള്ള സമുദായമാണ് ബ്യാരി. ഇവരുടെ ലിപിയില്ലാത്ത ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടാണ് ബ്യാരി സാഹിത്യ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ബ്യാരി സമുദായക്കാരെ കുറിച്ച് ബ്യാരി ഭാഷയില്‍ സംവിധാനം ചെയ്ത ബ്യാരി എന്ന സിനിമയിലൂടെയാണ് വടകര അഴിയൂര്‍ സ്വദേശി കെ.പി സുവീരന്‍ കഴിഞ്ഞവര്‍ഷത്തെ ദേശീയ സിനിമാ സംവിധായക പുരസ്‌ക്കാരം സ്വന്തമാക്കിയത്‌.

Malayalam news

Kerala news in English