![]()
സ്‌നേഹമുള്ളവര്‍ എത്ര പെട്ടെന്നാണ് കലഹിക്കുന്നത്, ഇല്ലേ? എങ്ങനെയാണത് തുടങ്ങിയതെന്നോ? അവരന്യോന്യം മുഖത്തോട് മുഖംനോക്കി മുട്ടുകുത്തി നില്ക്കുന്നു. വെസ്റ്റ്‌ലി അവളുടെ മനോഹരമായ മുഖം തന്റെ പരുക്കന്‍ കൈകളില്‍ എടുത്തിരിക്കുന്നു. “ഞാന്‍ നിന്നെ വിട്ടുപോന്നപ്പോള്‍ നീ എന്റെ എല്ലാ സ്വപ്‌നങ്ങളേക്കാളും സുന്ദരിയായിരുന്നു. എല്ലാ രാത്രികളിലും എന്റെ നിദ്രകളില്‍ നീ നിറഞ്ഞുനിന്നു.
![]()

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം : മുപ്പത്തിയൊന്ന്
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
തങ്ങള്‍ തീചതുപ്പിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് വെസ്റ്റ്‌ലിക്കറിയില്ലായിരുന്നു. ഒന്നു മാത്രമറിയാം. ബട്ടര്‍കപ്പ് തന്റെ അരികിലായി വന്നുവീണതിനുശേഷം കയറ്റം അസാധ്യമാണെന്ന്.
മറ്റൊന്നുകൂടി അറിയാം; തങ്ങളെ രാജകുമാരനും സംഘവും പിന്തുടരുമെന്നും ഏതുനിമിഷവും പിടികൂടപ്പെടാമെന്നും.[]
അവര്‍ ഒന്നിച്ചുചേര്‍ന്ന ആ മുഹൂര്‍ത്തമൊന്ന് അറിയണ്ടെ?
“എന്റെ മാടപ്പിറാവേ”. വെസ്റ്റ്‌ലി മന്ത്രിച്ചു.
“എന്റെ ദേവാ…”- ബട്ടര്‍കപ്പ്.
“നിങ്ങളെപ്പറ്റി പറയൂ”- ബട്ടര്‍കപ്പ്.
“പിന്നെ. ഇപ്പോള്‍ നേരമില്ല…?”- വെസ്റ്റ്‌ലി.
പിടിച്ചും തടവിയും ഉരുമ്മിയും കരഞ്ഞും അവരന്യോന്യം അറിഞ്ഞുകൊണ്ടിരുന്നു. ചിരിച്ചും കരഞ്ഞും കാല്‍മണിക്കൂര്‍ പോയി. ഇപ്പോള്‍ അവര്‍ വാദപ്രതിവാദത്തിലാണ്. അവര്‍ കലഹത്തിലാണ്.
സ്‌നേഹമുള്ളവര്‍ എത്ര പെട്ടെന്നാണ് കലഹിക്കുന്നത്, ഇല്ലേ? എങ്ങനെയാണത് തുടങ്ങിയതെന്നോ? അവരന്യോന്യം മുഖത്തോട് മുഖംനോക്കി മുട്ടുകുത്തി നില്ക്കുന്നു. വെസ്റ്റ്‌ലി അവളുടെ മനോഹരമായ മുഖം തന്റെ പരുക്കന്‍ കൈകളില്‍ എടുത്തിരിക്കുന്നു. “ഞാന്‍ നിന്നെ വിട്ടുപോന്നപ്പോള്‍ നീ എന്റെ എല്ലാ സ്വപ്‌നങ്ങളേക്കാളും സുന്ദരിയായിരുന്നു. എല്ലാ രാത്രികളിലും എന്റെ നിദ്രകളില്‍ നീ നിറഞ്ഞുനിന്നു.
ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ ഞാനറിയുന്നു, എന്റെ സ്വപ്‌നങ്ങളിലെ നീ നിന്റെ അത്ര സുന്ദരിയല്ലെന്ന്.”
“മതി. എന്റെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞത് മതി. എല്ലാവരും പറയുന്നതാണത്. എന്റെ മനസ്സിനെപ്പറ്റി പറയൂ”- ബട്ടര്‍കപ്പ്.
“ഇപ്പോഴല്ല. പിന്നെ. ഇപ്പോള്‍ സമയമില്ല”- വെസ്റ്റ്‌ലി. വെസ്റ്റ്‌ലി എഴുന്നേറ്റു. അവളെ എഴുന്നേല്ക്കാന്‍ സഹായിച്ചു.
“വെസ്റ്റ്‌ലി. നീ വീഴുമ്പോള്‍ എന്തോ പറഞ്ഞല്ലോ? ഞാനത് വ്യക്തമായി കേട്ടില്ല.”
“ഞാനത് മറന്നുപോയി.”
“കള്ളം, പച്ചക്കള്ളം.”
വെസ്റ്റ്ലി പുഞ്ചിരിച്ചു. എന്നിട്ടവളുടെ കവിളത്ത് ഉമ്മവെച്ചു.
“അതത്ര പ്രധാനമല്ല. എന്നെ വിശ്വസിക്കൂ. കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലെ.”
“നമ്മള്‍ തമ്മില്‍ രഹസ്യങ്ങള്‍ പാടില്ല.”
“എന്നെ വിശ്വസിക്കൂ.”
“ശരി. നീ എന്താണ് പറഞ്ഞതെന്ന് പറയണം.” വെസ്റ്റ്‌ലി നിശ്വസിച്ചു. എന്നിട്ടു പറഞ്ഞു: “പ്രിയപ്പെട്ടവളെ, നീയെന്തുചെയ്താലും ശരി. അവിടെത്തന്നെ നില്ക്കുക. താഴേക്ക് വരരുത്. പ്ലീസ്.”

“നിനക്കെന്നെ കാണണമെന്നില്ലായിരുന്നോ?”
“കാണണം. പക്ഷേ, നിന്നെ ഇവിടെ താഴെ കാണേണ്ടെന്നു മാത്രം.”
“എന്തുകൊണ്ട്?”
“കാരണം. നമ്മള്‍ ഇപ്പോള്‍ കെണിയിലായി. എനിക്കിവിടെനിന്ന് കയറാന്‍ പറ്റും. നീ കൂടെയുണ്ടെങ്കില്‍ പറ്റില്ല.”
“വിഡ്ഢിത്തം. നീ ഭ്രാന്തന്‍ കൊടുമുടി കയറിയില്ലെ? അതിനേക്കാള്‍ കുത്തനല്ലിത്.”
“അതെന്നെ തളര്‍ത്തിയിരിക്കുന്നു. അതിനുശേഷം വാള്‍പ്പയറ്റിനെക്കുറിച്ച് ചിലതൊക്കെ അറിയുന്ന ഒരുവനുമായി ഏറ്റുമുട്ടി. പിന്നെ ഒരു ഭീമനുമായി. പിന്നെ ഒരു കൂനന്‍. എന്റെ ഒരു ചെറിയ പിശക് മതി അയാളുടെ കത്തി നിന്റെ കഴുത്തില്‍ കയറാന്‍.
അതിനുശേഷം ഒരാള്‍ എന്നെ ഈ പാറക്കുഴിയിലേക്ക് തള്ളിയിട്ടു. ഞാന്‍ തളര്‍ന്നിരിക്കുന്നു.”
“ഞാന്‍ വിഡ്ഢിയല്ല.”
“വെറുതെ വഴക്കു കൂടല്ലെ.”
മതി. എന്റെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞത് മതി. എല്ലാവരും പറയുന്നതാണത്. എന്റെ മനസ്സിനെപ്പറ്റി പറയൂ
അവരിപ്പോള്‍ പരന്ന പാറപ്പുറത്തുകൂടെ ആ മലയിടുക്കില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും വെസ്റ്റ്‌ലി തന്നെയാണ് മുന്നില്‍. ബട്ടര്‍കപ്പിനേക്കാള്‍ വളരെ മുന്നില്‍. മാത്രമല്ല, തങ്ങള്‍ തീ ചതുപ്പിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അയാള്‍ അറിഞ്ഞുകൊണ്ടിരുന്നു. വളരെ അകലെയായി കാണുന്നത് കാറ്റില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഗന്ധകമാണോ, അതോ തീക്കാറ്റാണോ എന്ന് അയാള്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞില്ല.
എന്താണെന്ന് അറിഞ്ഞപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ അയാളുടെ മനസ്സ് തേടിക്കൊണ്ടിരുന്നു. കുത്തന്‍ ചെരിവുകളിലേക്ക് അയാള്‍ സൂക്ഷിച്ചു നോക്കി. ബട്ടര്‍കപ്പിനെ കരകയറ്റാന്‍ യാതൊരു മാര്‍ഗവുമില്ല. ഇടയ്ക്കിടെ നിലത്തു പതിഞ്ഞുകിടന്നയാള്‍ ഞങ്ങളെ പിന്തുടരുന്നവരുടെ കാലടി ശ്രവിച്ചുകൊണ്ടിരുന്നു. അര മണിക്കൂര്‍ പിന്നില്‍ അവരുണ്ടെന്ന് അയാള്‍ മനസ്സിലാക്കി. മാത്രമല്ല ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേഗം, അതിവേഗം.
അയാളെഴുന്നേറ്റ് അവളോടൊപ്പം വീണ്ടും ഓടിക്കൊണ്ടിരിക്കുന്നു. ആരും ഒന്നും സംസാരിച്ചിരുന്നില്ല. അവളും ഏറെക്കുറെ സംഗതികള്‍ ഊഹിച്ചിട്ടുണ്ടെന്ന് അയാള്‍ മനസ്സിലാക്കി. അതുകൊണ്ടവളുടെ പരിഭ്രമം ഒന്നൊതുക്കാന്‍ അയാള്‍ പറഞ്ഞു:
“എനിക്കു തോന്നുന്നു, നമുക്കല്പം പതുക്കെ ഓടാം. അവരിപ്പോഴും വളരെ പിന്നിലാണ്.”
ആശ്വാസത്തിന്റെ ഒരു ദീര്‍ഘനിശ്വാസം അവളുതിര്‍ത്തു. വെസ്‌ലി ചുറ്റുപാടും നിരീക്ഷിച്ചു. എന്നിട്ട് മന്ദഹസിച്ചു. മധുരമായൊരു മന്ദഹാസം. “നമ്മുടെ ഭാഗ്യംകൊണ്ട് നമ്മള്‍ വേഗം *തീ ചതുപ്പിന്റെ സുരക്ഷിതത്വത്തില്‍ എത്തിച്ചേരും.”
തീര്‍ച്ചയായും അയാള്‍ പറഞ്ഞത് ബട്ടര്‍കപ്പ് കേട്ടിരിക്കണം. എന്നാല്‍ അവള്‍ കേട്ടില്ല. പറഞ്ഞത് വിശ്വസിക്കൂ. അവള്‍ കേട്ടേ ഇല്ല…
തുടരും…
![]()
ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
