എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്
എഡിറ്റര്‍
Monday 14th January 2013 2:52pm

അതെനിക്കറിയാം. കഴിഞ്ഞകൊല്ലം എനിക്ക് ദേഷ്യം പിടിച്ചപ്പോള്‍ ഞാനൊരു മരത്തിലിടിച്ചു. അത് പൊട്ടിവീണു. അതൊരു ചെറിയ മരമായിരുന്നെങ്കിലും അതൊരു കാര്യമാണെന്ന് എനിക്കറിയാമായിരുന്നു.

കുട്ടികള്‍ക്കുള്ള നോവല്‍

ഇരുപത്തിമൂന്ന്

 

 നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


സങ്കടപ്പെട്ടു നിന്നിട്ടു കാര്യമില്ലല്ലോ? അതവനെ പഠിപ്പിക്കുകതന്നെവേണം. മുഷ്ടികൊണ്ടും മുഷ്‌കുകൊണ്ടും ജീവിക്കുന്ന ഒരു കാലത്താണവന് വളരേണ്ടത്.

‘നോക്ക് മോനേ, എത്ര ലളിതമാണെന്നോ ഇടിക്കല്‍. എത്ര എളുപ്പം കഴിയും. ആദ്യം മുഷ്ടി ചുരുട്ടണം. എന്നിട്ടു കൈ പിന്നോട്ടല്പം വലിക്കണം. എന്നിട്ട് ലക്ഷ്യത്തിന് നേരെ ആഞ്ഞിടിക്കുക. അത്രതന്നെ’- അച്ഛന്‍ പറഞ്ഞുനിര്‍ത്തി. അമ്മ അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

‘നീ എത്ര എളുപ്പം പഠിച്ചെന്ന് അച്ഛനെ കാട്ടിക്കൊടുക്ക്. അച്ഛന് നല്ലൊരു ഇടിവെച്ചുകൊടുക്ക്.’

Ads By Google

ഫെസിക്ക് അച്ഛന്റെ നേരെ മുഷ്ടി ചുരുട്ടി വീശി.
‘അവന്റെ കൈ നിങ്ങടെ എത്ര അടുത്തെത്തി. തുടക്കം നന്നായി.’

‘ശരി, വഴി ശരിയായിരുന്നു. ഞാനൊരു അടികൂടി ഇടത്തേക്ക് മാറിയാണ് നിന്നിരുന്നതെങ്കില്‍ അതെനിക്ക് കൊള്ളുമായിരുന്നു.’
‘ഞാന്‍ വല്ലാതെ തളര്‍ന്നു. ഒരുപാടു കാര്യങ്ങള്‍ ഒരേ ദിവസം പഠിച്ചാല്‍ ആരായാലും തളരും. ഇനി നാളെ’- ഫെസിക്ക്.

‘ആയില്ല…’- അമ്മ.
‘മോനേ, നീ എന്നെ ഒന്നിടിക്ക്. ഒന്നു ചെയ്തു നോക്ക്. നല്ല കുട്ടിയല്ലേ?
എനിക്കൊരു നല്ല ഇടിവെച്ചുതാ…’ അച്ഛന്‍ കെഞ്ചി.

‘നാളെ അച്ഛാ, നാളെ… പ്രോമിസ്…’ ഫെസിക്കിന്റെ കവിളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി.
‘കരഞ്ഞിട്ട് കാര്യമില്ല. അതോണ്ടൊന്നും എന്റെ മനസ്സലിയില്ല. നിന്റെ അമ്മേടേം. ഞാന്‍ പറഞ്ഞത് നീ അനുസരിച്ചേ പറ്റൂ. നീ എന്നെ ഇടിക്കണം. അതിന് ഈ രാത്രി മുഴുവനും എടുത്താലും നമ്മളിവിടെത്തന്നെ നില്ക്കും. നീ ഈ ആഴ്ച മുഴുവനും എടുത്താലും നമ്മളിവിടെത്തന്നെ നില്ക്കും’- മനസ്സിലായോ?
അച്ഛന്‍ കോപിഷ്ഠനായി.

‘ഡിഷ്യൂം…’
ഫെസിക്കിന്റെ ഇടികൊണ്ടുവീണ അച്ഛനെ നേരെ ആള്‍ക്കാര്‍ ചേര്‍ന്ന്

കിടക്കയിലേക്ക് എടുത്തുകൊണ്ടുപോവുകയാണുണ്ടായത്. ഒന്നരദിവസം അയാള്‍ കിടക്കയില്‍ കണ്ണുകളടച്ച് കിടന്നു. അച്ഛന്റെ പൊട്ടിപ്പോയ താടിയെല്ലു ശരിയാക്കിയെടുക്കാന്‍ പാല്‍ക്കാരന്‍ വരുന്നതുവരെ ആ കിടപ്പു തന്നെ.

(പാല്‍ക്കാരനും എല്ലും തമ്മിലെന്താണെന്നായിരിക്കും. അക്കാലത്ത് പാല്‍ക്കാരനും ക്ഷുരകനുമൊക്കെയായിരുന്നു നാട്ടിലെ ഭിഷഗ്വരാര്‍) തുര്‍ക്കിയില്‍ പാല്‍ക്കാരാണ് അസ്ഥിവിദഗ്ദ്ധര്‍. അതിന്റെ യുക്തിയെന്താണെന്നറിയുമോ? പാല് എല്ലിനു നല്ലത്. അപ്പോള്‍ എല്ലുശരിയാക്കാന്‍ പാല്‍ക്കാരനേക്കാള്‍ വിരുതന്‍ ആര്!

ഫെസിക്കിന്റെ അച്ഛന് കണ്ണുകള്‍ കുറേശ്ശെ തുറക്കാമെന്നായപ്പോള്‍
അയാള്‍ അമ്മയേയും മകനേയും അടുത്തുവിളിച്ചു.
‘നീ ഞാന്‍ വിചാരിച്ചതിനേക്കാള്‍ ശക്തനാണ്, ഫെസി ക്ക്…’

അച്ഛന്‍ ഇങ്ങനെയാണ് പറഞ്ഞതെങ്കിലും പുറത്തുവന്ന ശബ്ദം ഇതാണ്.
‘സ്… സ്… സ്… സ്… സ്… സ്…’

താടിയെല്ല് തകര്‍ന്നതിനുശേഷം അയാള്‍ക്ക് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ശബ്ദം ‘സ്’ എന്നു മാത്രമാണ്. എന്നാല്‍ ഫെസിക്കിന്റെ അച്ഛന്റെ മുഖം ഏത് ഭാവവും ഗംഭീരമായി പ്രകടിപ്പിക്കാന്‍ കഴിയുന്നതാണ്. ഫെസിക്കിന്റെ അമ്മയ്ക്ക് അച്ഛനെ നന്നായറിയുകയും ചെയ്യും.
‘അച്ഛന്‍ പറയുന്നു നീ വളരെ ശക്തനാണെന്ന്.’

‘അതെനിക്കറിയാം. കഴിഞ്ഞകൊല്ലം എനിക്ക് ദേഷ്യം പിടിച്ചപ്പോള്‍ ഞാനൊരു മരത്തിലിടിച്ചു. അത് പൊട്ടിവീണു. അതൊരു ചെറിയ മരമായിരുന്നെങ്കിലും അതൊരു കാര്യമാണെന്ന് എനിക്കറിയാമായിരുന്നു.’

‘സ്… സ്… സ്… സ്… സ്… ‘
‘അച്ഛന്‍ പറയാണ്, അച്ഛന്‍ ആശാരിപ്പണി നിര്‍ത്താന്‍ പോവ്വാണെന്ന്…’

‘വേണ്ട. അച്ഛന് വേഗം സുഖാവും…. പാല്‍ക്കാരന്‍ എന്നോടു പറഞ്ഞു.’
‘സ്… സ്… സ്… സ്… സ്…’
‘എന്നാലും അച്ഛന്‍ ആ പണി നിര്‍ത്താണെന്ന്…’

‘അച്ഛന്‍ പിന്നെന്തു ചെയ്യും?…’
ഉത്തരം അമ്മതന്നെയാണ് പറഞ്ഞത്. കഴിഞ്ഞരാത്രി അമ്മയും അച്ഛനും അത് സംസാരിച്ചുറപ്പിച്ചിരുന്നു.
‘അച്ഛന്‍ നിന്റെ മാനേജരായിരിക്കും. ഗുസ്തി… തുര്‍ക്കിയുടെ ദേശീയ ഗെയിംസല്ലേ അത്. നമ്മള്‍ പ്രസിദ്ധരും പണക്കാരുമാവാന്‍ പോവുന്നു.’
‘അമ്മേ, എന്റെ അച്ഛാ… എനിക്ക് ഗുസ്തി ഇഷ്ടമല്ല…’

ഫെസിക്കിന്റെ അച്ഛന്‍ കിടക്കയില്‍നിന്ന് കൈനീട്ടി മകന്റെ തുടയില്‍ മൃദുവായി തട്ടി.
‘സ്… സ്… സ്… സ്… സ്..’
‘നല്ല രസായിരിക്കും…’ അമ്മ പരിഭാഷപ്പെടുത്തി.
ഫെസിക്ക് നിര്‍ത്താതെ വാവിട്ടുകരഞ്ഞു.
തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

Advertisement