എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്
എഡിറ്റര്‍
Monday 11th February 2013 2:20pm

കറുത്ത മുഖംമൂടി കടലാസുപൊതി കയ്യില്‍ വാങ്ങി. ‘നിനക്ക് മണമില്ലെന്നു തോന്നിയ സാധനം അയോകേന്‍ പൊടിയാണ്. മണമില്ലാത്തതും രസമില്ലാത്തതും. ഏതു ദ്രാവകത്തിലും നിമിഷം കൊണ്ടലിഞ്ഞുചേരും. മനുഷ്യനറിയുന്ന ഏറ്റവും ഭയങ്കരവിഷമാണിത്. ഇനി ആ വൈന്‍ഗ്ലാസ്സുകള്‍ ഇങ്ങോട്ടെടുക്കൂ.’ 

കുട്ടികള്‍ക്കുള്ള നോവല്‍

 ഇരുപത്തിയാറ്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


വസിനി അയാളെ കാത്തിരിക്കുകയായിരുന്നു.

ആ കുന്നിന്‍പുറത്തയാള്‍ ഒരു ബെഡ്ഷീറ്റ് വിരിച്ചു. തന്റെ കയ്യില്‍ എപ്പോഴുമുള്ള സഞ്ചിയില്‍നിന്നയാള്‍ രണ്ടു വൈന്‍ ഗ്ലാസ്സുകള്‍ എടുത്തു. എന്നിട്ട് പുതപ്പിന്‍മേല്‍ വിരിച്ച കൈലേസില്‍ വെച്ചു. തൊട്ടടുത്തു തോലുകൊണ്ടുണ്ടാക്കിയ ഒരു വൈന്‍കുപ്പിയും കുറച്ചു വെണ്ണയും ആപ്പിളും.

അവിടെ ഇരുന്ന് നോക്കിയാല്‍ ഫ്‌ളോറിന്‍ ചാനലിന്റെ കാന്തിയുള്ള കാഴ്ച കാണാം. പുതപ്പിന്റെ ഒരു മൂലയില്‍ ബട്ടര്‍കപ്പ് കിടക്കുന്നു. കയ്യും കാലും മുഖവും കെട്ടിയ നിലയില്‍. അവളുടെ കണ്ണുകളും കെട്ടിയിരുന്നു.

Ads By Google

ഒരു നീണ്ട കത്തിയെടുത്ത് വസിനി ബട്ടര്‍കപ്പിന്റെ കഴുത്തിനു നേരെ നീട്ടി. അതിന്റെ മൂര്‍ച്ചയുള്ള മുന അവളുടെ വെളുത്ത കഴുത്തിനെ ഉരുമ്മിനിന്നു.

‘സ്വാഗതം’. മുഖംമൂടി അടുത്തെത്തിയപ്പോള്‍ വസിനി വിളിച്ചുപറഞ്ഞു. മുഖംമൂടി നിന്നു. എന്നിട്ട് ചുറ്റുമുള്ള അന്തരീക്ഷം ഒന്നു വീക്ഷിച്ചു.

‘നീ എന്റെ തുര്‍ക്കിയെ തോല്പിച്ചു’- വസിനി.
‘അങ്ങനെ തോന്നുന്നു’- മുഖംമൂടി.
‘ഇപ്പോള്‍ നിന്റെ ഊഴമാണ്. എന്റേയും’- വസിനി.
‘അങ്ങനെ തോന്നുന്നു.’ ഒരു അരയടി മുന്നോട്ടു നീങ്ങിക്കൊണ്ട് കറുത്ത
മുഖംമൂടി പറഞ്ഞു.

ഒരു പുഞ്ചിരിയോടെ കൂനന്‍ കത്തിയുടെ മുന ബട്ടര്‍കപ്പിന്റെ കഴുത്തില്‍ അമര്‍ത്തി.
‘അവള്‍ മരിക്കണമെന്നാണ് നിന്റെ ആഗ്രഹമെങ്കില്‍, നീ മുന്നോട്ടു നീങ്ങിക്കൊള്ളൂ’- കൂനന്‍ വസിനി.
മുഖംമൂടി അറച്ചു നിന്നു.
‘നല്ലത്’- വസിനി.

നിലാവില്‍ പ്രപഞ്ചം നിശ്ശബ്ദമായിരുന്നു, നിശ്ചലമായിരുന്നു.

‘നീയെന്താണ് ചെയ്യാന്‍ പോവുന്നതെന്ന് എനിക്കറിയാം. നിന്റെ പെരുമാറ്റത്തോട് എനിക്ക് അമര്‍ഷം തോന്നുന്നു. ഞാന്‍ കട്ടുകൊണ്ടുവന്ന ഒരു മുതല്‍ തട്ടിപ്പറിക്കാനാണു നീ ശ്രമിക്കുന്നത്. ഇത് സംസ്‌കാരമുള്ളവര്‍ക്ക് ചേര്‍ന്നതല്ല’- കൂനന്‍.

‘ഞാനൊന്നു പറയട്ടെ…’ മുന്നോട്ടാഞ്ഞുകൊണ്ടു മുഖംമൂടി പറഞ്ഞു.
‘നീ അവളെ കൊല്ലുകയാണ്!’- കത്തിയമര്‍ത്തിക്കൊണ്ട് കൂനന്‍ വിളിച്ചു പറഞ്ഞു.
ഒരു തുള്ളി രക്തം ബട്ടര്‍കപ്പിന്റെ കഴുത്തില്‍നിന്നു പൊടിഞ്ഞു. അതവളുടെ വെളുത്ത കഴുത്തില്‍ ഒരു ചുവന്ന ബിന്ദുവായി നിന്നു തിളങ്ങി.

കറുത്ത മുഖംമൂടി പിന്‍വലിഞ്ഞു. ‘ഞാനൊന്നു പറയട്ടെ…’ വീണ്ടും
അയാള്‍ തുടര്‍ന്നു.

‘ഏതു ഗ്ലാസ്സിലാണ് വിഷമുള്ളതെന്ന് നിനക്കൂഹിക്കാമോ.’
‘ഊഹിക്കാനോ? ഞാന്‍ ഊഹിക്കാറില്ല. ഞാന്‍ ചിന്തിക്കും. എന്നിട്ട് ഞാന്‍ തീരുമാനിക്കും.’

‘എനിക്കറിയാത്തതൊന്നും നിനക്ക് പറയാനില്ല. എനിക്ക് വിദ്യാഭ്യാസമില്ല. പക്ഷേ, വിവരത്തില്‍ എന്നെ തോല്പിക്കാന്‍ ലോകത്തിലാരുമില്ല. ജനങ്ങള്‍ പറയുന്നു എനിക്കു മനസ്സു വായിക്കാന്‍ കഴിയുമെന്ന്. അത് ശരിയല്ല. വിവേകവും ബുദ്ധിയും ഉപയോഗിച്ച് ഞാന്‍ സത്യം കണ്ടെത്തുന്നു. എനിക്കറിയാം നീ ഒരു പിടിച്ചുപറിക്കാരന്‍ ആണെന്ന്.’

‘ഞാന്‍ സമ്മതിക്കുന്നു. അവള്‍ വിലപിടിച്ച വസ്തുവാണ്. അത് കയ്യില്‍ കിട്ടിയാല്‍ എനിക്ക് പണം കിട്ടും. മറ്റൊന്നുമില്ല.’- മുഖംമൂടി.
‘എനിക്കവളെ ചിലതു ചെയ്യാന്‍ നിര്‍ദ്ദേശം കിട്ടിയിരിക്കുന്നു. എനിക്കത് ശരിക്കും നിറവേറ്റാന്‍ പറ്റിയാല്‍ എന്റെ ജീവിതം ജയിച്ചു. എന്റെ നിര്‍ദ്ദേശങ്ങളില്‍ പണമില്ല. മരണമേ ഉള്ളൂ. നമുക്കൊന്നിച്ചു ബിസിനസ്സ് നടത്താനാവില്ല. നീ പണത്തിനുവേണ്ടി അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അവള്‍ മരിക്കണം’- വസിനി.

‘ഞാന്‍ എത്ര വിഷമിച്ചാണ് ഇവിടംവരെ എത്തിയതെന്ന് നിനക്കറിയില്ല.
ഇപ്പോള്‍ ഞാന്‍ പരാജയപ്പെടുകയാണെങ്കില്‍ ഞാന്‍ ക്രുദ്ധനാവും. ഇപ്പോള്‍ അവള്‍ അന്ത്യശ്വാസം വലിക്കുകയാണെങ്കില്‍ അടുത്ത നിമിഷം നിന്റെയും ഗതി അതുതന്നെ ആയിരിക്കും.’- മുഖംമൂടി.

‘നിങ്ങള്‍ക്കെന്നെ കൊല്ലാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇനിഗോയേയും ഫെസിക്കിനേയും പരാജയപ്പെടുത്തിയ ഒരാള്‍ക്ക് എന്നെ കൊല്ലാന്‍ വിഷമമില്ല. അങ്ങനെ സംഭവിച്ചാല്‍ നമുക്ക് രണ്ടുപേര്‍ക്കും നഷ്ടമായിരിക്കും. നിനക്ക് ഇവളെ നഷ്ടപ്പെടുന്നു. എനിക്ക് എന്റെ ജീവിതവും’- വസിനി.

‘അപ്പോള്‍ നമ്മള്‍ ഒരു അനിശ്ചിതാവസ്ഥയിലാണല്ലേ?’- മുഖംമൂടി.
‘അങ്ങനെ തോന്നുന്നു. എനിക്ക് നിന്നെ ശാരീരികമായി നേരിടാനാവില്ല. നിനക്കെന്നെ ബുദ്ധിപരമായും’- വസിനി.
‘നീ അത്രയ്ക്ക് ബുദ്ധിമാനാണോ?’- മുഖംമൂടി.

‘എന്റെ ബുദ്ധിയെ ഉപമിക്കാന്‍ വാക്കുകളില്ല. അതിവിനയത്തോടെ ഞാന്‍ പറയട്ടെ. ലോകത്തിന്നേവരെ ജനിച്ച കോടാനുകോടി മനുഷ്യരില്‍ എന്നേക്കാള്‍ ബുദ്ധിമാനായ ആരുമില്ല.’

‘അങ്ങനെയാണെങ്കില്‍ നമുക്ക് ബുദ്ധികൊണ്ടൊരു അങ്കം വെട്ടാം.’
‘രാജകുമാരിക്കുവേണ്ടിയോ? ‘മരണത്തിനുവേണ്ടിയോ?’- വസിനി.
‘രണ്ടായാലും ശരി.’
‘ഞാന്‍ സ്വീകരിക്കുന്നു. തുടങ്ങിക്കോളൂ.’

 ജനങ്ങള്‍ പറയുന്നു എനിക്കു മനസ്സു വായിക്കാന്‍ കഴിയുമെന്ന്. അത് ശരിയല്ല. വിവേകവും ബുദ്ധിയും ഉപയോഗിച്ച് ഞാന്‍ സത്യം കണ്ടെത്തുന്നു. എനിക്കറിയാം നീ ഒരു പിടിച്ചുപറിക്കാരന്‍ ആണെന്ന്.’

‘വീഞ്ഞൊഴിക്കൂ’- വസിനി രണ്ടു വൈന്‍ഗ്ലാസ്സിലും വീഞ്ഞൊഴിച്ചു.
കറുത്ത മുഖംമൂടി പോക്കറ്റിന്റെ കീശയില്‍നിന്ന് ഒരു ചെറിയ കടലാസ്സ് പൊതിയെടുത്തു കൂനന് കൊടുത്തു. എന്നിട്ടു പറഞ്ഞു: ‘മണത്തുനോക്കൂ. പക്ഷേ, സൂക്ഷിക്കണം. തൊടരുത്.’ വസിനി കടലാസുപൊതി കയ്യില്‍ വാങ്ങി, എന്നിട്ടു മണത്തു.

‘ഒരു മണവുമില്ല.’
കറുത്ത മുഖംമൂടി കടലാസുപൊതി കയ്യില്‍ വാങ്ങി. ‘നിനക്ക് മണമില്ലെന്നു തോന്നിയ സാധനം അയോകേന്‍ പൊടിയാണ്. മണമില്ലാത്തതും രസമില്ലാത്തതും. ഏതു ദ്രാവകത്തിലും നിമിഷം കൊണ്ടലിഞ്ഞുചേരും. മനുഷ്യനറിയുന്ന ഏറ്റവും ഭയങ്കരവിഷമാണിത്. ഇനി ആ വൈന്‍ഗ്ലാസ്സുകള്‍ ഇങ്ങോട്ടെടുക്കൂ.’

‘നിങ്ങള്‍തന്നെ എടുത്തോളൂ. എന്റെ കത്തി അവളുടെ കഴുത്തില്‍നിന്ന് മാറ്റില്ല’- വസിനി.
കറുത്ത മുഖംമൂടി വൈന്‍ഗ്ലാസ്സുകള്‍ കയ്യിലെടുത്തു. എന്നിട്ട് പുറംതിരിഞ്ഞിരുന്നു. വസിനി പ്രതീക്ഷയോടെ കാത്തിരുന്നു. കുറേനേരം മുഖംമൂടി എന്തോ ചെയ്തുകൊണ്ടിരുന്നു. പിന്നെ രണ്ടു കയ്യിലും ഓരോ വൈന്‍ ഗ്ലാസുമായി അയാള്‍ തിരിഞ്ഞു. വലതുകയ്യിലുള്ള വൈന്‍ഗ്ലാസ് വസിനിയുടെ മുമ്പില്‍ വെച്ച്. ഇടതു കയ്യിലുള്ളത് തന്റേയും.

ഒഴിഞ്ഞ കടലാസ് പൊതി
അയാള്‍ താഴെയിട്ടു.
‘ഏതു ഗ്ലാസ്സിലാണ് വിഷമുള്ളതെന്ന് നിനക്കൂഹിക്കാമോ.’
‘ഊഹിക്കാനോ? ഞാന്‍ ഊഹിക്കാറില്ല. ഞാന്‍ ചിന്തിക്കും. എന്നിട്ട് ഞാന്‍ തീരുമാനിക്കും.’
‘അപ്പോള്‍ ബുദ്ധിസമരം തുടങ്ങിക്കഴിഞ്ഞു. നീ ചിന്തിച്ചു തീരുമാനിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഒരേ സമയത്ത് വീഞ്ഞു കഴിക്കും. ഒരേ സമയത്ത്.’

..തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

Advertisement