എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്
എഡിറ്റര്‍
Tuesday 22nd January 2013 11:58am

ഒടുക്കം ഫെസിക്ക് ചാമ്പ്യനെ വട്ടം ചുറ്റിപ്പിടിച്ചു. ജനക്കൂട്ടം നിശ്ശബ്ദരായി. ഫെസിക്കയാളെ എടുത്തുയര്‍ത്തി. കൈകൊണ്ടൊന്നു ഞെക്കി. ഒരു ശബ്ദവുമില്ല. ഫെസിക്കയാളെ വീണ്ടും ഞെക്കിപ്പിഴിഞ്ഞു. വീണ്ടും വീണ്ടും…
‘മതി… മതി…’ അച്ഛന്‍ വിളിച്ചുപറഞ്ഞു.
ഫെസിക്കയാളെ താഴെക്കിടത്തി.
‘നന്ദി, ഞാന്‍ ഭാഗ്യവാനാണ്…’
തോറ്റ ചാമ്പ്യന്‍ മുരണ്ടു.

കുട്ടികള്‍ക്കുള്ള നോവല്‍

ഇരുപത്തിനാല്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


സാന്‍സിക്കില്‍ വെച്ച് ഫെസിക്കിന്റെ ആദ്യത്തെ ഗുസ്തിമത്സരം നടന്നത് ചുട്ടുപൊള്ളുന്ന ഒരു ഞായറാഴ്ചയായിരുന്നു. ഫെസിക്കിനെ ഗോദയിലിറക്കാന്‍ അച്ഛനുമമ്മയും കുറേ പാടുപെടേണ്ടിവന്നു.

അവന്റെ വിജയത്തെക്കുറിച്ച് അവര്‍ക്കൊട്ടും സംശയമില്ലായിരുന്നു. മൂന്നുകൊല്ലം അവരവനെ പയറ്റിത്തെളിയിക്കുകയായിരുന്നു. ഫെസിക്കിന്റെ അച്ഛനായിരുന്നു ഗോദയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അമ്മ അവന്റെ ഭക്ഷണകാര്യവും.

Ads By Google

ഫെസിക്ക് ഇതുപോലെ ജീവിതത്തില്‍ ഒരിക്കലും ദുഃഖിതനായിട്ടില്ല.
അവന്‍ വല്ലാതെ ഭയപ്പെട്ടു. അച്ഛനുമമ്മയും എത്രയും പ്രോത്സാഹിപ്പിച്ചെങ്കിലും ഗോദയില്‍ ഇറങ്ങാന്‍ അവന്‍ കൂട്ടാക്കിയില്ല.

അവനെക്കണ്ടാല്‍ ഇരുപതു വയസ്സ് തോന്നുമെങ്കിലും അവനന്ന് ഒന്‍പത് വയസ്സേ പ്രായമുള്ളൂ. എങ്കിലും അവന് മീശമുളയ്ക്കാന്‍ തുടങ്ങിയിരുന്നു. ഉള്ളിന്റെയുള്ളില്‍ അവനിപ്പോഴും മൂളിപ്പാട്ടു പാടാനിഷ്ടമുള്ള ചെറിയ കുട്ടിതന്നെയായിരുന്നു.

‘ഇല്ല ഞാനിറങ്ങില്ല, നിങ്ങള്‍ക്കെന്നെ ഇറക്കാന്‍ പറ്റില്ല.’
‘മൂന്നുകൊല്ലമായി നമ്മളിതിനുവേണ്ടി കഷ്ടപ്പെടുന്നു’- അച്ഛന്‍.
‘അയാളെന്നെ വേദനിപ്പിക്കും…’
‘ജീവിതം വേദനയാണ് മോനേ…’ അമ്മ വേദാന്തം തുടര്‍ന്നു.
‘അങ്ങനെയല്ലെന്ന് പറയുന്നവരൊക്കെ ജീവിതം വില്ക്കുന്നവരാണ്.’
‘ദയവുചെയ്ത് ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്- ഞാന്‍ തയ്യാറായിട്ടില്ല.’
‘ഞാന്‍ വീഴും. പിടിത്തം മറന്നുപോയി. സത്യമായിട്ടും…’
അവനനങ്ങാന്‍ തയ്യാറില്ല.

‘ഞങ്ങള്‍ നിന്നെ നിര്‍ബന്ധിക്കാനൊന്നും പോണില്ല. നിന്നെ ഭീഷണിപ്പെടുത്താനും. നിനക്ക് വേണ്ടെങ്കില്‍ വേണ്ട. പക്ഷേ, നിന്നെ ഇവിടെ ഉപേക്ഷിച്ച് ഞങ്ങള്‍ ഞങ്ങളുടെ പാട്ടിന് പോവും.’ അച്ഛനുമമ്മയും ഒന്നിച്ചാണ് പറഞ്ഞത്.

ഫെസിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ഒറ്റയ്ക്കാവുന്നതാണ്. അവന്‍ കുഞ്ഞായിരിക്കുമ്പോഴേ അതവര്‍ക്കറിയാമായിരുന്നു.
സാന്‍സിക്കിലെ ചാമ്പ്യനെ നേരിടാന്‍ ഫെസിക്ക് തയ്യാറായി. പതിനൊന്ന് വര്‍ഷക്കാലമായി അയാള്‍ ചാമ്പ്യനായിട്ട്. ആറടി ഉയരമുള്ള ഒരു കരുത്തന്‍, സുഭഗന്‍. ഫെസിക്കിന്റെ ഉയരം ആറര അടി.

ഫെസിക്കിന് ജയിക്കാന്‍ ഒരു ചാന്‍സുമില്ല. ഫെസിക്ക് നിലത്ത് മലര്‍ന്നടിച്ചു വീണുകൊണ്ടിരുന്നു. അയാളവനെക്കൊണ്ട് പന്തുകളിച്ചുകൊണ്ടിരുന്നു. അവനെണീറ്റും വീണ്ടും നേരിട്ടെങ്കിലും മലര്‍ന്നടിച്ചും കമിഴ്ന്നടിച്ചും തലകുത്തിയും മൂക്കുകുത്തിയും അവന്‍ വീണുകൊണ്ടിരുന്നു. കാണികള്‍ ചിരിച്ചു മണ്ണുകപ്പി. അവര്‍ ‘ബക്‌ലാവാ'(ഒരുതരം അപ്പം) തിന്നുകൊണ്ട് ഈ നേരമ്പോക്ക് കണ്ടുകൊണ്ടിരുന്നു.

ഒടുക്കം ഫെസിക്ക് ചാമ്പ്യനെ വട്ടം ചുറ്റിപ്പിടിച്ചു. ജനക്കൂട്ടം നിശ്ശബ്ദരായി. ഫെസിക്കയാളെ എടുത്തുയര്‍ത്തി. കൈകൊണ്ടൊന്നു ഞെക്കി. ഒരു ശബ്ദവുമില്ല. ഫെസിക്കയാളെ വീണ്ടും ഞെക്കിപ്പിഴിഞ്ഞു. വീണ്ടും വീണ്ടും…
‘മതി… മതി…’ അച്ഛന്‍ വിളിച്ചുപറഞ്ഞു.
ഫെസിക്കയാളെ താഴെക്കിടത്തി.
‘നന്ദി, ഞാന്‍ ഭാഗ്യവാനാണ്…’
തോറ്റ ചാമ്പ്യന്‍ മുരണ്ടു.

‘കൈകളുയര്‍ത്തൂ… നീ ജയിച്ചിരിക്കുന്നു.’
അമ്മ വിളിച്ചുപറഞ്ഞു.
ഫെസിക്ക് കൈകളുയര്‍ത്തി ഗോദയില്‍ നിവര്‍ന്നുനിന്നു.
കാണികള്‍ കൂവിയാര്‍ത്തു.

‘മൃഗം…’
‘കുരങ്ങന്‍…
‘ഗോറില്ല…’

അവര്‍ സാന്‍സിക്കില്‍ അധികം നിന്നില്ല. യഥാര്‍ഥത്തില്‍ ഒരിടത്തും അവരധികം നിന്നില്ല. മല്ലയുദ്ധം കഴിഞ്ഞാല്‍ ജയിച്ചവര്‍ അവിടെ നില്ക്കാന്‍ പാടില്ല. അതപകടമാണ്.
ഇസ്‌വിരിലെ ചാമ്പ്യന്‍…
സിമാലിലെ ചാമ്പ്യന്‍…
ബോലുവിലെ ചാമ്പ്യന്‍…
സിലെയിലെ ചാമ്പ്യന്‍…
ഓരോരുത്തരായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.

ഒരു ശരത്കാലസന്ധ്യയ്ക്ക് അമ്മ മകനോട് പറഞ്ഞു:
‘മറ്റുള്ളവര്‍ പറയുന്നതെന്താണെന്ന് ഞാന്‍ കാര്യമാക്കുന്നില്ല. നീ എന്റെ മകനാണ്… നീ നല്ലവനാണ്… നിന്നെ തോല്പിക്കല്‍ അസാധ്യം തന്നെ…’
അവര്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തില്‍നിന്ന് ധൃതിപിടിച്ചു പുറത്തേക്ക് കടക്കുകയായിരുന്നു. അവരവിടുത്തെ ചാമ്പ്യനെ ഗുസ്തിയുടെ തുടക്കത്തിലേ തകര്‍ത്തുകളഞ്ഞിരുന്നു. കാണികള്‍ സീറ്റുകളില്‍ ഇരുന്നു തീരുന്നതിനു മുമ്പുതന്നെ.

‘അസാധ്യമൊന്നുമല്ല. അവരെന്നെ അപഹസിക്കുന്നതില്‍ തെറ്റുമില്ല.
എനിക്ക് ഭയങ്കര വലിപ്പമുണ്ട്.’
‘ശരിയായിരിക്കും. നീ ഒന്നുരണ്ടെണ്ണത്തില്‍ തോറ്റാല്‍ അവരിതുപോലെ നിന്നെ കളിയാക്കില്ല’- അച്ഛന്‍

‘എന്താ പറയുന്നേ? അവനിപ്പോള്‍ പതിനൊന്ന് വയസ്സേ ആയിട്ടുള്ളൂ. ഇപ്പഴേ അവനോട് തോല്ക്കാനാണോ പറയുന്നത്.’
അമ്മ ക്ഷുഭിതയായി.

‘ഞാന്‍ തളര്‍ന്നച്ഛാ…’
‘മോനേ, കുറച്ചുകാലംകൂടി…’ അച്ഛന്‍ കെഞ്ചി.

‘നമുക്കിനി ഗ്രീസിലേക്ക് പോകാം. അവിടെ മത്സരങ്ങള്‍ ആരംഭിക്കുന്ന സമയമാണിത്. ഇവിടെ ഇനി നീ തോല്പിക്കാന്‍ ആരുമില്ല, ബാക്കി. ഗ്രീക്കുകാര്‍ നിന്നെ ഇഷ്ടപ്പെടും.’
അച്ഛന്‍ ആവേശത്തിലായിരുന്നു.
ഫെസിക്ക് ഗ്രീസില്‍ പോരാടി.

ബള്‍ഗേറിയ…
യൂഗോസ്ലാവ്യ…
ചെക്കോസ്ലാവ്യ…
റൊമാനിയ…
എല്ലായിടത്തും ജനങ്ങള്‍ ആര്‍ത്ത്കൂവി. എല്ലായിടത്തും ഫെസിക്ക് വിജയിച്ചു. അതുകഴിഞ്ഞാല്‍ യൂറോപ്പ് മതിയാക്കി കിഴക്കന്‍ നാടുകളിലേക്ക്
കടന്നു.

കൊറിയയിലെ ജുജ്ട്‌സു ചാമ്പ്യന്‍-
സയാമിലെ കരാട്ടേ ചാമ്പ്യന്‍-
ചൈനയിലെ കുങ്ഫു ചാമ്പ്യന്‍-
ഇന്ത്യയിലെ കാട്ടായ് ഗുസ്തി ചാമ്പ്യന്‍-
എല്ലാടിയത്തും ഫെസിക് നേടി.

മംഗോളിയയില്‍ വെച്ച് ഫെസിക്കിന്റെ അച്ഛനുമമ്മയും മരിച്ചു. ഒരു പ്ലേഗ് അവരെ കൊണ്ടുപോയി. ഫെസിക്കിനും മരിക്കാമായിരുന്നു. എന്നാല്‍ അവന്‍ ഒറ്റയ്ക്കാവില്ലല്ലോ. പക്ഷേ, അവനൊരിക്കലും അസുഖം ബാധിച്ചില്ല. ഒറ്റപ്പെട്ട ഫെസിക് ഗോബി മരുഭൂമിയിലൂടെ ഒട്ടകസംഘങ്ങളോടൊപ്പം അലഞ്ഞുനടന്നു.

ഒരിക്കല്‍ ഒരു കച്ചവടസംഘത്തിന്റെ തലവന്‍ അവനോടു പറഞ്ഞു:
‘ബെറ്റടിക്കാം. നിനക്ക് എന്റെ ഒട്ടകക്കാരെ തോല്പിക്കാനാവില്ല…’
‘നോക്കാം…’ ഫെസിക് തയ്യാര്‍.

അവന് ബോറടിക്കാന്‍ തുടങ്ങിയിരുന്നു. അവന്റെ കൈകള്‍ പെരുത്തുകയറാന്‍ തുടങ്ങിയിരുന്നു.
അവര്‍ മൂന്നുപേരുണ്ടായിരുന്നു. മൂന്നുപേരും ഒന്നിച്ചവനെ നേരിട്ടു. ഫെസിക് പെട്ടെന്നുതന്നെ അവരെ തകര്‍ത്തുവിട്ടു. ആരും കൂക്കിവിളിച്ചില്ല. എല്ലാവര്‍ക്കും സന്തോഷം. പിന്നീടെപ്പോഴും അവനൊരു സംഘത്തെ ഒന്നിച്ചേ നേരിട്ടുള്ളൂ.

അവസാനം അവനൊരു സര്‍ക്കസ് കമ്പനിയില്‍ ചേര്‍ന്നു. സര്‍ക്കസ്സിലെ മറ്റുകളിക്കാരെല്ലാം അവനോടു മുറുമുറുത്തു. കാരണം അവന്റെ തീറ്റതന്നെ. ഉണ്ടാക്കുന്നതിന്റെ മുക്കാല്‍പങ്കും അവന്‍ തിന്നുതീര്‍ത്തു.

അവന് ഇരുപത് വയസ്സ് തികഞ്ഞനാള്‍ രാത്രി, അവന്‍ ഒരു ഡസന്‍ ആള്‍ക്കാരെ ഒന്നിച്ചു തകര്‍ത്തപ്പോള്‍ പോരെന്ന് തോന്നി ഒരു ഡസന്‍ ആള്‍ക്കാരുടെ കൂടെ തല തകര്‍ത്തുവിട്ടപ്പോള്‍ അവനെ ഞെട്ടിച്ചുകൊണ്ട് അവനേറ്റവും വെറുക്കുന്ന കൂക്കിവിളിയും ഉയര്‍ന്നു.

സത്യം ഇതായിരുന്നു. അവന്‍ അതിശക്തനായിരുന്നു. അവന് ഏഴടിയിലധികം ഉയരമുണ്ടായിരുന്നു. നാനൂറ് കിലോഗ്രാമിലധികം തൂക്കമുണ്ടായിരുന്നു.
അവന്‍ റിങ്ങില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ആള്‍ക്കാര്‍ കൂക്കിവിളിക്കാന്‍ തുടങ്ങി. അന്നുരാത്രി ടെന്റില്‍ ഒറ്റയ്ക്കിരുന്ന് അവന്‍ കരഞ്ഞു.

തന്റെ സര്‍ക്കസ്സ് സുഹൃത്തുക്കള്‍ തന്നോടൊപ്പമുണ്ടാവുമെന്നവന്‍ കരുതി. അവനെ പുറത്താക്കിയില്ലെങ്കില്‍ ഇനി തങ്ങള്‍ സര്‍ക്കസ് കാണിക്കില്ലെന്ന് അവരെല്ലാം ഒറ്റക്കെട്ടായി പറഞ്ഞപ്പോള്‍ അവന്‍ പതറി. ആ ആഴ്ച അവരവനെ സര്‍ക്കസ്സില്‍ നിന്നും പുറത്താക്കി.

അവരന്ന് ഗ്രീന്‍ലാന്റിലായിരുന്നു. ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം. നിങ്ങള്‍ക്കറിയാം, ഗ്രീന്‍ലാന്റിലെ ജനസാന്ദ്രത. ഇരുപത് ചതുരശ്രനാഴികയ്ക്ക് ഒരാള്‍. സര്‍ക്കസ് കമ്പനി അത്തരമൊരിടത്ത് വന്നുപെട്ടതുതന്നെ തെറ്റ്.

ഫെസിക് ഒറ്റയ്ക്കായി. ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലത്ത്.

സര്‍ക്കസ് സമ്പനി കൂടാരവും പൊളിച്ചു പോവുന്നതു നോക്കി ഒരു കരിംപാറപ്പുറത്ത് അവനിരുന്നു. അടുത്തദിവസവും അവനവിടെത്തന്നെയിരുന്നു.

അവിടെവെച്ചാണ് വസിനി, കൂനന്‍ സിസിലിയന്‍ അവനെ കണ്ടെത്തിയത്. വസിനി അവനെ പുകഴ്ത്തി. ഇനി അവനെ ആരും കൂക്കിവിളിക്കില്ലെന്നു പറഞ്ഞു. വസിനിക്ക് ഫെസിക്കിനെ  ആവശ്യമുണ്ടായിരുന്നു. ഫെസിക്കിന് വസിനിയെയും. കാരണം വസിനി കൂടെയുണ്ടെങ്കില്‍ അവനൊറ്റയ്ക്കല്ലല്ലോ?

വസിനി പറഞ്ഞതൊക്കെ അവന്‍ ചെയ്തു. എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കാന്‍ അവന് ആരെങ്കിലും വേണം. ഇപ്പോഴിതാ കറുത്ത മുഖംമൂടിയേയും കാത്തവന്‍ ഇരിക്കുന്നു. അവന്റെ തല തകര്‍ക്കാന്‍, കോഴിമുട്ടപോലെ എറിഞ്ഞുടയ്ക്കാന്‍.

..തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

Advertisement