വീണ്ടും അവര്‍ സംഘട്ടനത്തിലേര്‍പ്പെട്ടു. ഇത്തവണ ഫെസിക് അയാള്‍ക്കൊരവസരവും കൊടുത്തില്ല. ഫെസിക്കയാളെ പിടിച്ചു തന്റെ തലയ്ക്ക് ചുറ്റും ചുഴറ്റി. ഒരു തവണ. രണ്ടു തവണ, എന്നിട്ട് കാലില്‍ പിടിച്ച് അയാളുടെ തല തൊട്ടടുത്തുള്ള പാറപ്പുറത്തടിച്ചു. എന്നിട്ടൊരു ഞെക്കുകൂടെ കൊടുത്തു. ഒടുവില്‍ താഴെ കൊല്ലിയിലേക്ക് വലിച്ചെറിഞ്ഞു.ഏതായാലും അതൊക്കെ ഫെസിക്കിന്റെ ആഗ്രഹമായിരുന്നു.

കുട്ടികള്‍ക്കുള്ള നോവല്‍

ഇരുപത്തിയഞ്ച്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


അതങ്ങനെത്തന്നെ നടക്കട്ടെ.
അവനെ കൊല്ലണം. ചതിച്ചിട്ടല്ല. അവന്റെ മാതാപിതാക്കള്‍ എപ്പോഴും അവനെ മത്സരത്തിലെ നിയമങ്ങളാണ് പഠിപ്പിച്ചത്. കയ്യിലൊരു വലിയ പാറയുമായി ഫെസിക് മരത്തണലില്‍ നിന്നു. കറുത്ത മുഖംമൂടിയുടെ കാലടിയൊച്ച അയാള്‍ക്കിപ്പോള്‍ കേള്‍ക്കാം. അതടുത്തടുത്ത് വരുന്നുണ്ട്. അയാള്‍ മരത്തിന്റെ മറവിലേക്ക് മാറിനിന്നു.

Ads By Google

ഫെസിക് പെട്ടെന്ന് മുന്നോട്ടു ചാടി ശക്തിയില്‍ കല്ല് കറുത്ത മുഖംമൂടിയുടെ നേരെ വലിച്ചെറിഞ്ഞു. ആ പാറ കറുത്ത മുഖംമൂടിയുടെ ഒരടി മുന്നിലായി ചെന്നുവീണു.
‘ഞാനത് വേണംന്നുവെച്ച് ചെയ്തതാണ്. അടുത്ത കല്ല് നിന്റെ തല തകര്‍ക്കും’. ഫെസിക് വിളിച്ചുപറഞ്ഞു. എന്നിട്ടയാള്‍ ഒരു വലിയ പാറ കയ്യിലെടുത്തു.

‘നീ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നു.’- കറുത്ത മുഖംമൂടി. ആ ഇടുങ്ങിയ മലമ്പാതയില്‍ അവര്‍ മുഖത്തോടുമുഖം നോക്കിനിന്നു.
‘എന്തു സംഭവിച്ചു? ‘- കറുത്ത മുഖംമൂടി.
‘ദൈവം വിചാരിച്ചതുപോലെ നമ്മളന്യോന്യം മുഖത്തോടു മുഖം നോക്കിനില്ക്കുന്നു. ഒരു ട്രിക്കും പാടില്ല. ഒരായുധവും. സ്‌കില്‍മാത്രം. വെറും സ്‌കില്‍’ – ഫെസിക്.

‘അതിനര്‍ഥം നീ പാറ താഴെയിടുമെന്നും ഞാന്‍ എന്റെ വാള്‍ താഴെവെക്കുമെന്നും അല്ലേ. എന്നിട്ട് രണ്ട് സംസ്‌കാരസമ്പന്നരെപ്പോലെ അന്യോന്യം കൊല്ലാന്‍ ശ്രമിക്കുമെന്നും’- മുഖംമൂടി.
‘എനിക്കിപ്പോള്‍ നിന്നെക്കൊല്ലാം’. കല്ലുയര്‍ത്തിക്കൊണ്ട് ഫെസിക് പറഞ്ഞു. ‘പക്ഷേ, ഞാന്‍ നിനക്കൊരു അവസരം തരും.’

‘അപ്പോള്‍ നമ്മള്‍ രണ്ടുപേരും അത് സ്വീകരിക്കുന്നു. എങ്കിലും സത്യം പറയട്ടെ. നീ എന്നേക്കാള്‍ ശക്തനാണ്’- കറുത്ത മുഖംമൂടി. എന്നിട്ടയാള്‍ വാള്‍ താഴെവെച്ചു.
‘ഞാന്‍ എല്ലാവരോടും പറഞ്ഞ കാര്യം നിന്നോടും പറയാം. ഞാന്‍ ഭീമനും ശക്തനുമായത് എന്റെ കുഴപ്പംകൊണ്ടല്ല’- ഫെസിക്.
‘ഞാന്‍ നിന്നെ കുറ്റപ്പെടുത്തുകയല്ല’- മുഖംമൂടി.

‘നമുക്ക് തുടങ്ങാം’- ഫെസിക് കല്ല് താഴെയിട്ടു. എന്നിട്ടൊരു സംഘട്ടനത്തിന് തയ്യാറായി കാത്തുനിന്നു. കറുത്ത മുഖംമൂടി പതുക്കെ ഫെസിക്കിന്റെ അടുക്കലേക്ക് നീങ്ങാന്‍ തുടങ്ങി. ഒരു നിമിഷത്തേക്ക് ഫെസിക് ഹതാശനായി. ഇയാള്‍ ഇനിഗോയെ കൊന്നെങ്കിലും ആള്‍ നല്ലവനാണെന്ന് തോന്നുന്നു.

അയാളൊരിക്കലും കുറ്റപ്പെടുത്തുകയോ, ജീവനുവേണ്ടി കെഞ്ചുകയോ, കൈക്കൂലി തന്ന് തന്നെ വശപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. അയാള്‍ തന്റെ വിധി സ്വീകരിച്ചിരിക്കുന്നു. തീര്‍ച്ചയായും അയാളൊരു കുറ്റവാളിയായിരിക്കണം. അതുകൊണ്ടല്ലേ അയാള്‍ മുഖംമൂടി അണിഞ്ഞിരിക്കുന്നത്.

ഒരുപക്ഷേ, അയാളുടെ മുഖം വികൃതമായിരിക്കണം. അല്ലെങ്കില്‍ അയാളുടെ മുഖം ആസിഡോ മറ്റോ വീണ് പൊള്ളിയിരിക്കണം. ഒരുപക്ഷേ, ജന്മനാ അയാള്‍ വിരൂപനായിരിക്കണം.
‘നീയെന്തിനാണ് മുഖംമൂടി അണിഞ്ഞിരിക്കുന്നത്?’-ഫെസിക്.

ഞാന്‍ എല്ലാവരോടും പറഞ്ഞ കാര്യം നിന്നോടും പറയാം. ഞാന്‍ ഭീമനും ശക്തനുമായത് എന്റെ കുഴപ്പംകൊണ്ടല്ല

 

‘അടുത്ത ഭാവിയില്‍ എല്ലാരും മുഖംമൂടി അണിയും. എന്ത് സൗകര്യമാണെന്നോ?’- മുഖംമൂടി.

അവര്‍ ആ മലമ്പാതയില്‍ മുഖത്തോടു മുഖം നോക്കിനിന്നു. ഒരു നിമിഷം. എന്നിട്ട് ഫെസിക് അയാളെത്തന്നെ ആക്രമിക്കാന്‍ അനുവദിച്ചു. മുഖംമൂടിക്ക് നല്ല ശക്തിയുണ്ടായിരുന്നു. ഒരു ഭീമനല്ലാത്ത സ്ഥിതിക്ക് ആ ശക്തി കണക്കിലധികമായിരുന്നു. ഫെസിക്കയാളെ തന്റെ ശരീരത്തില്‍ അവിടെയും ഇവിടെയും അടിക്കാനും പിടിക്കാനുമൊക്കെ അനുവദിച്ചു.

ഒടുക്കം ഫെസിക് അയാളുടെ കൈകള്‍ പൂട്ടി. അയാളെ ഉയര്‍ത്തി. അമുക്കാന്‍ തുടങ്ങി. മുന്നോട്ടും പിന്നോട്ടും ഒടിക്കാന്‍ തുടങ്ങി. അയാളുടെ കഴുത്തൊടിച്ചു, അയാളുടെ നട്ടെല്ലൊടിച്ചു, കാലൊടിച്ചു. എന്നിട്ടൊടുവില്‍ ഒരിക്കല്‍ മനുഷ്യശരീരമായിരുന്ന ആ മാംസക്കൂട്ടത്തെ ദൂരേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, അതൊരു വെറും സ്വപ്‌നമായിരുന്നു.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നോ!
ഫെസിക്കയാളെ ഉയര്‍ത്തി. എന്നിട്ടമുക്കി. പക്ഷേ, ഫെസിക്കിന്റെ പിടിയില്‍നിന്നും അയാള്‍ ഊര്‍ന്നു. ഫെസിക്കിനതൊരത്ഭുതമായിരുന്നു. അവനെ വകവരുത്തിയെന്ന് ഫെസിക് കരുതാന്‍ തുടങ്ങിയതായിരുന്നു.

‘നിനക്ക് നല്ല വേഗതയുണ്ട്.’- ഫെസിക്കയാളെ അഭിനന്ദിച്ചു.
‘അതൊരു നല്ല കാര്യമല്ലെ’- മുഖംമൂടി.

വീണ്ടും അവര്‍ സംഘട്ടനത്തിലേര്‍പ്പെട്ടു. ഇത്തവണ ഫെസിക് അയാള്‍ക്കൊരവസരവും കൊടുത്തില്ല. ഫെസിക്കയാളെ പിടിച്ചു തന്റെ തലയ്ക്ക് ചുറ്റും ചുഴറ്റി. ഒരു തവണ. രണ്ടു തവണ, എന്നിട്ട് കാലില്‍ പിടിച്ച് അയാളുടെ തല തൊട്ടടുത്തുള്ള പാറപ്പുറത്തടിച്ചു. എന്നിട്ടൊരു ഞെക്കുകൂടെ കൊടുത്തു. ഒടുവില്‍ താഴെ കൊല്ലിയിലേക്ക് വലിച്ചെറിഞ്ഞു.

ഏതായാലും അതൊക്കെ ഫെസിക്കിന്റെ ആഗ്രഹമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരിക്കലും ഫെസിക്കിനയാളെ പിടിക്കാന്‍ കിട്ടിയില്ല. ഫെസിക്കയാളെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖംമൂടി ഒന്നു വട്ടം കറങ്ങും. അതോടെ അയാള്‍ സ്വതന്ത്രനാവും.

ഫെസിക്കാലോചിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ലല്ലോ? എന്റെ ശക്തി ക്ഷയിക്കുകയാണോ? ശക്തി ക്ഷയിപ്പിക്കുന്ന എന്തെങ്കിലും മലമ്പ്രദേശ രോഗങ്ങള്‍ കാണുമോ? മരുഭൂമിയില്‍ വരാറുള്ള ഒരു രോഗമുണ്ട്. അതാണെന്റെ മാതാപിതാക്കളെ കൊണ്ടുപോയത്. അതെനിക്കും ബാധിച്ചിരിക്കുമോ?

ഒടുവില്‍ അവനറിഞ്ഞു. വളരെ വര്‍ഷങ്ങളായി അവന്‍ ഒറ്റ പ്രതിയോഗിയുമായി ഏറ്റുമുട്ടിയിട്ട്. അവന്‍ ഒരു സംഘത്തോടല്ലെ ഏറ്റുമുട്ടിയിട്ടുള്ളു. രണ്ടും എത്ര വ്യത്യസ്തമാണ്. നിങ്ങള്‍ക്കെതിരെ പന്ത്രണ്ടുപേരുണ്ടെങ്കില്‍ നിങ്ങള്‍ നടത്തുന്ന നീക്കങ്ങളും നിങ്ങളുടെ തന്ത്രങ്ങളുമൊക്കെ ഒരു പ്രത്യേക തരത്തിലായിരിക്കും. ഒറ്റ ആളേ ഉള്ളുവെങ്കില്‍ നിങ്ങള്‍ സ്വയം അതിനനുസരിച്ച് മാറേണ്ടിവരും. ഫെസിക്കിന്റെ മനസ്സ് സമയത്തിലൂടെ പിന്നോട്ട് പായാന്‍ തുടങ്ങി. അവനെങ്ങനെയാണ് സാന്‍സിക്കിലെ ചാമ്പ്യനെ പരാജയപ്പെടുത്തിയത്?

ഉടനെ അവന്‍ മറ്റെല്ലാ സംഘട്ടനങ്ങളുടെയും കാര്യമോര്‍ത്തു. ഇസ്പിര്‍, ഡിമില്‍, ബോലൂഡിലെ എല്ലാം. പെട്ടെന്നവന്‍ അതിനനുസരിച്ച് മാറി.

പക്ഷേ, അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ഫെസിക്കിന്റെ കഴുത്ത് മുഖംമൂടിയുടെ കയ്യിലായിക്കഴിഞ്ഞിരുന്നു. മുഖംമൂടി ഫെസിക്കിന്റെ തോളില്‍ സവാരി ചെയ്യുകയായിരുന്നു. മുഖംമൂടിയെ കുടഞ്ഞു തെറിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. ഫെസിക്കൊരു പാറയുടെ നേരെ ഓടിയടുത്തു; മുഖംമൂടിയെ പാറയോട് ചേര്‍ത്ത് അമര്‍ത്താനായി. ഫെസിക്കയാളെ പാറയോട് ചേര്‍ത്തമര്‍ത്തി വീണ്ടും തിരിഞ്ഞു.

വീണ്ടും വീണ്ടും ഓരോ തവണയും മുഖംമൂടി വേദനകൊണ്ട് പുളയുന്നത് ഫെസിക്കറിഞ്ഞു. എന്നിട്ടും അയാള്‍ പിടിവിട്ടില്ല. ഫെസിക് മുഷ്ടി ചുരുട്ടി അയാളുടെ പുറത്തിടിച്ചു. അപ്പോഴേക്കും ഫെസിക്കിന് ശ്വാസംമുട്ടാന്‍ തുടങ്ങിയിരുന്നു. ഫെസിക്കിന് കാലു കുഴയുന്നതുപോലെ തോന്നി. ലോകം വിളര്‍ത്ത് വിളര്‍ത്ത് വരുന്നതുപോലെ തോന്നി. എന്നിട്ടും ഫെസിക് നിര്‍ത്തിയില്ല. അയാള്‍ ശക്തനായ ഫെസിക്കായിരുന്നു. നഴ്‌സറിപ്പാട്ടുകളുടെ ആരാധകന്‍, അയാള്‍ വഴങ്ങില്ല.

മുഖംമൂടി ഒരു കഷണം കയറിനുവേണ്ടി ചുറ്റും നോക്കി. ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ചു. എന്തിന്? ഒരു കയറുകൊണ്ടെന്തു കാര്യം? ഒരൊറ്റ നിമിഷം കൊണ്ടീ ഭീമന്‍ അത് പൊട്ടിക്കും.

ഇപ്പോള്‍ ഫെസിക്കിന്റെ കൈയാണ് കുഴയുന്നത്. ഇപ്പോള്‍ ചുറ്റും മൂടല്‍മഞ്ഞ് പരന്നതുപോലെ ഫെസിക്കിന് തോന്നി. അയാള്‍ മുട്ടുകുത്തി വീണു.

എന്നിട്ടും ഫെസിക് ഇടി നിര്‍ത്തിയില്ല. പക്ഷേ, ഇപ്പോള്‍ അയാളുടെ ഇടി ഒരു കൊച്ചുകുട്ടിയെപ്പോലും വേദനിപ്പിക്കില്ല. ഒട്ടും. ഫെസിക്കിന് മാത്രമല്ല. ലോകത്തില്‍ മുഴുവനും വെറും ശൂന്യത.
ഞാന്‍ തോറ്റിരിക്കുന്നു. ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആ മലമ്പാതയില്‍ കിടന്നുകൊണ്ട് ഫെസിക് കരുതി. പക്ഷേ, അത് മുഴുവന്‍ ശരിയല്ല.

മരണത്തിന്റെയും അബോധാവസ്ഥയുടെയും ഇടയിലുള്ള ഒരു നേര്‍ത്ത നിമിഷത്തില്‍ മുഖംമൂടി ഫെസിക്കിനെ താഴെയിട്ടു. എന്നിട്ടാടിയുലഞ്ഞ അയാള്‍ ഒരു പാറപ്പുറത്ത് ചാരിനിന്നു ക്ഷീണം തീര്‍ത്തു. ഫെസിക്ക് ബോധംകെട്ട് താഴെക്കിടക്കുന്നു. ഇപ്പോഴും അയാള്‍ ശ്വാസം കഴിക്കുന്നുണ്ട്.

മുഖംമൂടി ഒരു കഷണം കയറിനുവേണ്ടി ചുറ്റും നോക്കി. ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ചു. എന്തിന്? ഒരു കയറുകൊണ്ടെന്തു കാര്യം? ഒരൊറ്റ നിമിഷം കൊണ്ടീ ഭീമന്‍ അത് പൊട്ടിക്കും. മുഖംമൂടി താഴെയിട്ട വാളെടുത്ത് ഉറയില്‍ തിരുകി. എന്നിട്ട് നടന്നു.

രണ്ടെണ്ണം വീണുകഴിഞ്ഞു. ഇനി ഒരാള്‍ കൂടി ബാക്കി. ഏറ്റവും വലിയ വിരുതന്‍… അപകടകാരി.
..തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്